eee

മാല കോർക്കാനും മുടിയിൽ ചൂടാനും ഉപയോഗിച്ചുവരുന്ന കനകാംബരം 60-90 സെ.മീ വരെ പൊക്കത്തിൽ വളരുന്ന ചെടിയാണ്. കനകാംബരപൂക്കൾക്ക് ആപ്രിക്കോട്ട്, ഓറ‌ഞ്ച് നിറങ്ങളാണുള്ളത്. രോഗകീടബാധ പൊതുവേ കുറഞ്ഞ ഈ ചെടി വലിയ പരിചരണമില്ലാതെ തന്നെ അനായാസേന നമുക്ക് വളർത്താൻ കഴിയും. വിത്ത് പാകിയും കമ്പുകൾ ഒട്ടിച്ചെടുത്തും പുതിയ തൈകൾ ഉത്‌പാദിപ്പിക്കാം. നമ്മുടെ മണ്ണും കാലാവസ്ഥയും ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ജൂലായ് മുതൽ ഒക്ടോബർ വരെയാണ് നടാൻ പറ്റിയ സമയം.

അക്കാന്തേസിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രനാമം ക്രോസാൻഡ്രാ ഇൻഫണ്ടിബുലിഫോർമിസ് എന്നാണ്. സെബാക്കുലിസ് റെഡ്, ല്യൂട്ടിയയെല്ലോ, യെല്ലോ ഓറഞ്ച്, സൗന്ദര്യ, ഡെൽഹി എന്നിവയാണ് പ്രധാന ഇനങ്ങൾ.

ശരിയായ വളപ്രയോഗം, വേനൽക്കാലത്തുള്ള നന എന്നിവയിലൂടെ കൂടുതൽ പൂക്കൾ ലഭിക്കും. നട്ട് 80-90 ദിവസമാകുമ്പോൾ ചെടികൾ പൂക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുപ്പ് നടത്താം. വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിയിൽ ഒരു ഹെക്‌ടറിൽ നിന്ന് 4-5 ടൺ വരെ പൂക്കൾ ലഭിക്കും.