bevarage

കണ്ണൂർ: സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 22 മുതൽ അട‍ഞ്ഞുകിടക്കുന്ന മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ഇതിനായുള‌ള ആലോചനകൾ ഇപ്പോഴും നടക്കുന്നതേയുള‌ളൂ. എന്നാൽ കളള് പാഴ്‌സലായി നൽകാൻ തീരുമാനമായിട്ടുണ്ട്. വേഗം ചീത്തയായി പോകുന്നതായതുകൊണ്ടാണ് കള‌ള് പാഴ്‌സൽ അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അനധികൃത മദ്യവിൽപന വർദ്ധിച്ചിരിക്കുന്ന സൂചനകളുള‌ളതിനാൽ ഇത് തടയാൻ കർശന നടപടിയ്‌ക്ക് എക്‌സൈസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തെങ്ങിൽ നിന്നുമുണ്ടാക്കിയ നീരയ്‌ക്ക് ഇതുവരെ വിപണിയിൽ നല്ല സാന്നിദ്ധ്യമാകാൻ സാധിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. കശുമാവിൽ നിന്ന് മദ്യം ഉൽപാദിപ്പിക്കുന്ന പദ്ധതി കൂടുതൽ പരിശോധിച്ച ശേഷമേ നടപ്പാക്കാൻ കഴിയൂ. ഇതിന് ധാരാളം നൂലാമാലകളുണ്ടെന്നും എന്നാൽ കശുവണ്ടി ക‌ർഷകർക്ക് സഹായമാകുന്ന പദ്ധതി ഉപേക്ഷിക്കില്ലെന്നും മന്ത്രി അറിയിച്ചു.

ലോക്ഡൗൺ മുതൽ അടഞ്ഞുകിടക്കുന്നതിനാൽ ബിവറേജസ് കോർപറേഷന് നിലവിൽ ആയിരം കോടിയിലേറെ രൂപയുടെ അധിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.വ്യാജ ചാരായത്തിന്റെയും മറ്റ് മാരക ലഹരിവസ്‌തുക്കളുടെയും ഒഴുക്ക് സംസ്ഥാനത്തേക്ക് കൂടിയതോടെ ബെവ്‌കൊ ആപ്പ് വഴി മദ്യവിതരണത്തിന് സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഇതും നടപ്പാക്കുന്ന തീരുമാനത്തിലെത്തിച്ചേർന്നിട്ടില്ല