cbse

​​​​ന്യൂഡൽഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കാനുള്ള മാര്‍ഗനിര്‍ദേശം രണ്ട് ദിവസത്തിനുള്ളിൽ തയ്യാറായേക്കും. പത്താംക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും മാര്‍ക്കുകൾ കൂടി കണക്കിലെടുത്തായിരിക്കും മാര്‍ഗനിര്‍ദേശം എന്നാണ് സൂചന. മാര്‍ഗനിര്‍ദ്ദേശം വൈകാതെ കോടതിയിൽ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ സൂചിപ്പിച്ചു.

30 ശതമാനം വെയിറ്റേജ് പത്താം ക്ലാസിനും 30 ശതമാനം പതിനൊന്നാം ക്ലാസിനും ബാക്കി പന്ത്രണ്ടാം ക്ലാസ് ഇന്‍റേണൽ മാര്‍ക്കിനും നൽകാനാണ് ശുപാർശ. കോടതിയുടെ അംഗീകാരത്തോടെയായിരിക്കും മാര്‍ഗനിര്‍ദേശം നടപ്പാക്കുക. ജൂലായ് പതിനഞ്ചോടുകൂടി മാര്‍ക്ക് നിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് സി ബി എസ് ഇ ആലോചിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തിൽ മാര്‍ക്ക് നിര്‍ണയിക്കാൻ കുറ്റമറ്റ സംവിധാനം വേണമെന്ന നിര്‍ദേശം സി ബി എസ് ഇക്ക് നൽകിയിരുന്നു. ഇതിനായി രൂപീകരിച്ച പത്തംഗ സമിതി വിശദമായ കൂടിയാലോചനയാണ് കഴിഞ്ഞ പത്ത് ദിവസമായി നടത്തിയത്. സഹോദയ സൊസൈറ്റി വഴി എല്ലാ സ്‌കൂളുകളുടേയും നിലപാട് അറിഞ്ഞു. യു ജി സിയുടെയും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും നിലപാട് തേടി. ഒടുവിലാണ് വെയിറ്റേജ് മാർക്ക് നൽകാൻ ശുപാർശ നൽകിയിരിക്കുന്നത്.