cobra

ബെല്ലാരി: ബാഹുബലി ചിത്രത്തിൽ കുതിച്ചുവന്ന കാട്ടുപോത്തിൽ നിന്നും രാജാവായ പൽവാൽ ദേവനെ രക്ഷിക്കാൻ പാഞ്ഞടുത്ത് പരിക്ക് പറ്റിയത് വീരനായ കട്ടപ്പയ്‌ക്കാണ്. ഇവിടെ വെള‌ളിത്തിരയ്‌ക്ക് പുറത്ത് തന്റെ കൈയിൽ ആഞ്ഞുകൊത്തിയ പാമ്പിനെ പിടികൂടി ആ പിടിവിടാതെ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് കടപ്പ എന്ന വീരനായ യുവാവ്. കർണാടയിൽ ബെല്ലാരി ജില്ലയിൽ കംപല്ലിയിലാണ് സംഭവമുണ്ടായത്. കൃഷിപ്പണിയ്‌ക്കിടെയാണ് കടപ്പ എന്ന 30 വയസുകാരന് മൂർഖൻ പാമ്പിന്റെ കടിയേ‌റ്റത്.

ചികിത്സയ്‌ക്ക് പോകുന്നതിന് മുൻപ് കടിച്ച പാമ്പിനെ പിടിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി. ഇവിടെ നിന്നും പ്രതിവിഷം കുത്തിവച്ച ശേഷം ഇയാളെ അടുത്തുള‌ള വിഐ‌എം‌സ് ആശുപത്രിയിലെത്തിച്ചു. ഏറെ നിർബന്ധിച്ച ശേഷമാണ് കടപ്പ പാമ്പിനെ വിട്ടത്. അടുത്തുള‌ള ഗ്രാമപ്രദേശത്താണ് പാമ്പിനെ തുറന്നുവിട്ടത്.

ഇയാളുടെ കൈയിൽ ആഴത്തിലുള‌ള കടിയേ‌റ്റിരുന്നു. സമയത്ത് വാഹനം കിട്ടാത്തതിനാൽ ഉന്തുവണ്ടിയിലാണ് കടപ്പയെ ആശുപത്രിയിലെത്തിക്കാനായതെന്ന് ബന്ധുക്കൾ അറിയിച്ചു. നിലവിൽ ഐസി‌യുവിലുള‌ള ഇയാളുടെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. എന്തായാലും പാമ്പുമായി ആശുപത്രിയിൽ കിടക്കുന്ന കടപ്പയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.