aisha-sulthana

​​​കൊച്ചി: രാജ്യദ്രോഹക്കേസ് എടുത്തതിനെതിരെ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം തേടിയാണ് ആയിഷ കോടതിയെ സമീപിച്ചത്. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ മുഖേനയാണ് കോടതിയിൽ ഹർജി നൽകിയത്. ആയിഷ സുൽത്താനയുടെ ഹർജി കോടതി നാളെ പരി​ഗണിക്കും.

തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്നും ചർച്ചയ്‌ക്കിടെയുണ്ടായ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും ഹർജിയിൽ പറയുന്നു. ടെലിവിഷന്‍ ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ല. വിവാദമായതിനെ തുടർന്ന് മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

ടെലിവിഷന്‍ ചര്‍ച്ചയ്‌ക്കിടെ ലക്ഷദ്വീപിലെ ഭരണകൂട നടപടികളെ വിമര്‍ശിച്ചതിനാണ് ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ 'ബയോവെപ്പൺ' എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.