ഏതൊക്കെ വസ്ത്രങ്ങൾ ഉണ്ടെങ്കിലും ആ നീല ജീൻസിനോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. കല്യാണം കൂടാൻ പോകാൻ ആണെങ്കിലും,ഒരുകാര്യം ഇല്ലാതെ കറങ്ങാൻ വെളിയിൽ പോയാലും 'ആദ്യം വിളിച്ച് ചോദിക്കുന്നത്"അമ്മേ രാവിലെ കഴുകിയിട്ട ജീൻസ് ഉണങ്ങിയോ?""ഷർട്ടിന്റെ കൂടെ ആണെങ്കിലും, ടീഷർട്ട് ന്റെ കൂടെ ആണെങ്കിലും, കൈയില്ലാത്ത ബനിയനും ധരിച്ച മസിൽ കാണിക്കാൻ ഫോട്ടോ എടുക്കാൻ നിൽക്കുമ്പോഴും ആ നീല ജീൻസ് വലിച്ചു കേറ്റാർ ഉണ്ട്.അതിന് അമ്മയുടെ വായിൽ നിന്ന് കണക്കിന് കേൾക്കാറുമുണ്ട്.
മറ്റുള്ള ദിവസം പോലെയല്ല ഇന്ന്, ഇന്നൽപ്പം തിരക്കുള്ള ദിവസമാണ് പ്രധാനപ്പെട്ട ഒന്ന് രണ്ടു സ്ഥലത്ത് പോകാനായി ഉണ്ട്. പുറത്തെ കൃഷി പണിയെല്ലാം കഴിഞ്ഞ് ഉടുത്തിരുന്ന ലുങ്കി മുണ്ട് ചെളി പറ്റിയത് കഴുകി ഉണക്കാൻ ആയി വിരിച്ചിട്ട് അകത്തേക്ക് കയറിയതാണ്. കൃഷിപ്പണി എന്നുപറഞ്ഞാൽ പുറത്തെ ചെറിയ പറമ്പിലെ പണികൾ,കുറച്ചു ദിവസമായി നല്ല മഴയായിരുന്നല്ലോ, മഴപെയ്തു ചാഞ്ഞു നിന്ന മരത്തിന്റെ കമ്പുകൾ വെട്ടി, വാഴയ്ക്ക് തടമെടുത്തു, ചീരകൾ നനച്ചു, കാറ്റടിച്ചു വീണ ഇലകളെല്ലാം ഒരു വശത്തുകൂട്ടി.പുല്ലും എല്ലാം പറിച്ച് കളഞ്ഞു.കുളിച്ചു കയറിവന്ന നേരെ അലമാര തുറന്നു. കുറെയധികം ദിവസം ലോക്ക് ഡൗൺ എന്നപേരിൽ വീട്ടിനകത്ത് തന്നെ പെട്ടുപോയതിനാൽ ലുങ്കി മുണ്ട് തന്നെയായിരുന്നു കൂട്ടിന്,അത്യാവശ്യ സാധനസാമഗ്രികൾ വാങ്ങാൻ പുറത്തു പോകുമ്പോഴും ലുങ്കിയിൽ തന്നെ പോയി വന്നു. അലമാര തുറന്ന് ഉടൻ അകത്തു നിന്നു മുകളിലെ തട്ടിൽ ഇരുന്ന് നീല ജീൻസ് എന്നോട് സംസാരിക്കുന്നു..!
ആദ്യം എനിക്ക് വിശ്വസിക്കാനായില്ല. പിന്നെ എന്റെ പേര് വിളിച്ചു കൊണ്ട് സംസാരിക്കുന്നത് എന്തൊക്കെയാണെന്ന് ക്ഷമയോടെ കേട്ടു.
''മെൻസ് വിയർ ഷോപ്പിലെ മറ്റു ജീൻസുകളുടെ കൂട്ടത്തിൽ ഇരുന്ന എന്നെ പുറത്തെടുത്ത ഡിസ്പ്ളേ ടേബിളിൽ വിരിച്ചിട്ട് നോക്കിയപ്പോഴാണ് ആദ്യമായി നിന്നെ ഞാൻ കണ്ടത്. അവിടുന്ന് നീയെന്നെ നിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നപ്പോഴും, കുറെ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നിന്റെ കാലുകളിൽ അണിയിച്ച് എന്നെയും കൊണ്ടുപോകുമ്പോൾ, ഞാൻ ആദ്യം കരുതി നിനക്കെന്നോട് വലിയ സ്നേഹമായിരിക്കുമെന്ന്.മറ്റു വസ്ത്രങ്ങളുടെ കൂട്ടത്തിൽ തുണി കഴുകാൻ ചെല്ലുമ്പോൾ കനം കൂടുതലാണ് എന്ന പേരിൽ അമ്മ എന്നെ അവസാനത്തേക്ക് മാറ്റി നിർത്തി, സോപ്പ് തേയ്ക്കാനും കഴുകാനും ഉണക്കാനും ആ അമ്മ ഒരുപാട് കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. നല്ല ആരോഗ്യമുള്ള നീ ഒരു തവണയെങ്കിലും അലക്കുകല്ലിൽ എന്നോടൊപ്പം കൂടും, എന്ന് ഞാൻ വെറുതെ ആശിച്ചിരുന്നു.
നീ ഇത്രയ്ക്ക് ദുഷ്ടൻ ആയിരുന്നോ? നീ ഓടുമ്പോൾ കൂടെ ഓടാനും, നടന്ന് തളരുമ്പോൾ അഴുക്കുപിടിച്ച് കല്ലിലോ പുല്ലോ മാറി ഇരിക്കുമ്പോൾ നീയെന്നെ ശ്രദ്ധിച്ചതേയില്ല. വൃത്തിയാക്കാതെ എന്നെ വീണ്ടും പിറ്റേ ദിവസം ധരിച്ച് കൂട്ടുകാരുടെ ഇടയിൽ ചെല്ലുമ്പോൾ, മുഷിഞ്ഞുനാറിയവൻ, വെള്ളം കാണാത്തവൻ, എന്നീ പേരുകൾ വിളിച്ചുകളിയാക്കുകയും അലക്കാത്ത ജീൻസ് എന്ന പേര് പറഞ്ഞു പലതവണ പരിഹാസത്തിന് ഇടയാക്കുകയും ചെയ്യുന്നത്. ബൈക്കിൽ നിന്ന് തെറിച്ചു റോഡിൽ വീണപ്പോൾ നിന്റെ കാൽമുട്ടിലെ തൊലികൾ ഉരയാതിരിക്കുവാൻ ആയി ആദ്യം ഉരഞ്ഞ് തീർന്നത് ഞാനായിരുന്നു. ഉരഞ്ഞു കീറിയ എന്നെ നാട്ടുകാരുടെ മുമ്പിൽ ഫാഷൻ എന്ന പേരിൽ നീ വീണ്ടും നാണംകെടുത്തി.""
ശരിയാണ് തയ്ക്കാൻ അറിയാവുന്ന സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. ഞാൻ ജീൻസ് നിവർത്തി നോക്കി കീറിയ ഭാഗത്തുനിന്നും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു. ഒരു നിമിഷം ഞാൻ ഓർത്തു, മേൽക്കൂരയുടെ ഓട് പൊട്ടി മഴവെള്ളം തടി അലമാരയുടെ മുകളിൽ വീഴുന്നുണ്ടായിരുന്നു, മറ്റുള്ളവരുടെ വീട്ടിലേക്ക് മഴവെള്ളം ഒഴുകുമ്പോൾ അത് ചാലു വെട്ടി വിടാനും, കാറ്റത്ത് വഴികളിൽ ഒടിഞ്ഞു വീണ മരക്കൊമ്പുകൾ വെട്ടി മാറ്റാനും, കുടിവെള്ളം ലഭിക്കാത്ത വീടുകളിൽ വെള്ളം എത്തിക്കുവാനും വേണ്ടി ഓടിയപ്പോൾ, സ്വന്തമായി പൊട്ടിയ ഓട് മാറാനോ വെള്ളം വീഴുന്ന സ്ഥലത്തുനിന്ന് അലമാര നീക്കിവെക്കാനോ ശ്രമിച്ചില്ല. മറ്റുള്ളവരുടെ കാര്യങ്ങൾക്ക് വേണ്ടി ഓടുമ്പോൾ ''സ്വന്തം കാര്യങ്ങളും കൂടെ നോക്കണേ."" എന്ന് അമ്മ ഇടയ്ക്കിടക്ക് പറയുന്നത് ഇതിനെല്ലാം വേണ്ടി ആയിരുന്നു എന്ന് മനസിലാക്കുവാൻ എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം തന്നെ വേണ്ടിവന്നു.