കാട്ടാറിന്റെ തണുപ്പേറ്റ്, കാടിന്റെ വന്യതയിൽ ഇഴുകിച്ചേർന്ന് കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് പോകാവുന്നയിടമാണ് ശംഖിലി വനവും ഇടുക്കൻ പാറയും. സംരക്ഷിത വനമേഖലയായതിനാൽ അധികമാരാലും അറിയപ്പെടാതെ കിടന്ന പ്രദേശമാണിത്. എന്നാൽ അടുത്തകാലത്തായി കേട്ടറിഞ്ഞ് നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മടത്തറ വേങ്കൊല്ല ചെക്‌പോസ്റ്റിൽ നിന്നാണ് ശംഖിലി, ഇടുക്കൻപാറ യാത്രയ്‌ക്ക് തുടക്കം കുറിക്കേണ്ടത്. ജീപ്പ് മാർഗമാണ് ഇവിടെ നിന്നുള്ള യാത്ര. പതിനാല് കിലോമീറ്റർ സഞ്ചരിക്കണം. കാൽനടയായി പോകുന്നവരുടെ എണ്ണവും കുറവല്ല. വേങ്കൊല്ല, പോട്ടോമാവ്, ശാസ്താംനട, മുപ്പതടി, അഞ്ചാനകൊപ്പം വഴിയാണ് ശംഖിലിയിലെത്തുക. അതോടെ കാട്ടാനയുടെ ചിന്നം വിളിയും ചീവിടുകളുടെ കരച്ചിലുമൊക്കെ കേൾക്കാം. തെളിഞ്ഞ വെള്ളത്തിലുള്ള മുങ്ങിക്കുളി ഊർജം പകരും. അവിടെ നിന്നും ഇടുക്കൻ പാറ വെള്ളച്ചാട്ടത്തിലേക്ക് പോകാം. ആ യാത്രയും മനോഹരമാണ്. ചീനിക്കാല വനത്തിലൂടെ ആ യാത്ര ചെന്നെത്തുക തണുപ്പും കുളിരും കോരിച്ചൊരിയുന്ന അഞ്ചു തട്ടുകളായി കിടക്കുന്ന ഇടുക്കൻപാറ വെള്ളച്ചാട്ടത്തിലാണ്. അവിടെയുള്ള വള്ളിക്കുടിലുകളും പാൽ പോലെയൊഴുകുന്ന വെള്ളച്ചാട്ടവും ആരാധകന്റെ ഹൃദയം കീഴടക്കും. അപൂർവങ്ങളായ ഔഷധജാലങ്ങളും ഉൾക്കാട്ടിൽ മാത്രം കാണപ്പെടുന്ന വന്യജീവികളുമൊക്കെയാണ് ഇവിടത്തെ മറ്റ് ആകർഷണങ്ങൾ.