adani

മുംബയ്: മൂന്ന്​ വിദേശ നിക്ഷേപ​ കമ്പനികൾക്കെതിരെ നാഷനൽ സെക്യൂരിറ്റീസ്​ ഡെപ്പോസിറ്ററി ലിമിറ്റഡ്​ (എൻ.എസ്​.ഡി.എൽ) നടപടിയെടുത്തതിന്​ പിന്നാലെ അദാനി ​ഗ്രൂപ്പിന്റെ ഒാഹരികൾ കൂപ്പുകുത്തി. മൂന്ന്​ വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകൾ എൻ.എസ്​.ഡി.എൽ മരവിപ്പിക്കുകയായിരുന്നു. ഈ മൂന്ന്​ കമ്പനികൾക്ക്​ അദാനി ഗ്രൂപ്പിൽ 43,500 കോടിയുടെ ഓഹരിനിക്ഷേപമാണുള്ളത്​. ഇതോടെ ഈ നിക്ഷേപത്തിന് വിലക്ക്​ വീഴും. ഈ വാർത്ത പുറത്തുവന്നതിന്​ പിന്നാലെയാണ്​ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കൂപ്പുകുത്തിയത്​​.

അദാനി എന്റർപ്രൈസസിന്റെ ഓഹരിമൂല്യം 13.27 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്​, അദാനി ട്രാൻസ്​മിഷൻ എന്നിവ അഞ്ചുശതമാനം വീതവും​ ഇടിഞ്ഞു​. അദാനി എന്റർപ്രൈസസ്​, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്​, അദാനി ട്രാൻസ്​മിഷൻ എന്നിവയിലാണ്​ മൂന്നു വിദേശ കമ്പനികളുടെയും 43,500 കോടിയുടെ നിക്ഷേപം. അൽബുല ഇൻവെസ്റ്റ്​മെന്റ് ഫണ്ട്​, ക്രെസ്റ്റ്​ ഫണ്ട്​, എ.പി.എം.എസ്​ ഇൻവെസ്​റ്റ്​മെന്റ് ഫണ്ട്​ എന്നിവയുടെ അക്കൗണ്ടുകളാണ്​ മരവിപ്പിച്ചത്​. ഇതോടെ​ പഴയ ഓഹരികൾ വിൽക്കാനോ പുതിയ ഓഹരികൾ വാങ്ങാനോ സാധിക്കില്ല. കമ്പനികളുടെ ഉടമസ്​ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പരാജയപ്പെട്ടതാണ്​​ മൂന്നു കമ്പനികൾക്കെതിരെ കള്ളപ്പണ നിരോധന നിയമം അനുസരിച്ച്​ നടപടി സ്വീകരിച്ചിരിക്കുന്നത്​.