ദീപ്തി പിള്ള ശിവൻ സംവിധാനം ചെയ്ത ' ഡീ കോഡിംഗ് ശങ്കർ" എന്ന ഡോക്യുമെന്ററി ടോറന്റോ അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.ബെസ്റ്റ് ബയോഗ്രഫിക്കൽ വിഭാഗത്തിലാണ് അംഗീകാരം. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ഈ ചിത്രം വിവിധ അന്തർദ്ദേശീയ ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു.ഇന്ത്യയുടെ രാജ്യാന്തരചലച്ചിത്രോത്സവത്തിൽ ( ഇഫി ഗോവ) പനോരമ വിഭാഗത്തിലും പ്രദർശിപ്പിക്കുകയുണ്ടായി.പതിവ് ബയോപ്പിക്കുകളിൽ നിന്നു വ്യത്യസ്ഥമായി ശങ്കർ മഹാദേവൻ സംഗീതഞ്ജനായി ഉരുത്തിരിഞ്ഞതെങ്ങനെയെന്നും ,അദ്ദേഹത്തിന്റെ മികച്ച പാട്ടുകളിൽ അന്തർലീനമായ സംഗീതത്തെക്കുറിച്ചുമൊക്കെ നേരിട്ടു വിശദീകരിക്കുന്നുണ്ട്.രാജീവ് മെഹ്റോത്രയാണ് നിർമ്മാതാവും കമ്മിഷനിംഗ് എഡിറ്ററും. മനോജ് പിള്ളയും സി.ജെ.അനിൽകുമാറുമാണ് ഛായാഗ്രഹണം നിർവഹിച്ചത്.അൽഫോൺസ് ജോസഫ് സംഗീതവും സോണി ശശാങ്കൻ എഡിറ്റിംഗും നിർവഹിക്കുന്നു.പ്രശസ്ത പ്രസ്സ് ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്റെ മകനും സംവിധായകനുമായ സഞ്ജീവ് ശിവനാണ് ദീപ്തിയുടെ ഭർത്താവ്. ആകർഷകമായ ഈ ഡോക്യുമെന്ററി വലിയ പ്രേക്ഷകാംഗീകാരം നേടുന്നുണ്ട്.