nuclear-plant

​​

വാഷിംഗ്ടൺ: ചൈനയിലെ തായ്ഷാൻ ആണവോർജ നിലയത്തിൽ ചോർച്ച ഉണ്ടായെന്ന് അമേരിക്ക. നിലയത്തിൽ അപകടകരമായ തോതിൽ റേഡിയേഷന്‍ ചോർച്ചയുണ്ടെന്ന് പദ്ധതിയിൽ പങ്കാളിത്തമുള്ള ഫ്രഞ്ച് കമ്പനിയാണ് മുന്നറിയിപ്പ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ചൈന ജനറൽ ന്യൂക്ലിയർ പവർ ഗ്രൂപ്പിന്റേയും ഇലക്ട്രിസിറ്റി ഡി ഫ്രാൻസിന്റേയും സംയുക്ത സംരംഭമാണ് തായ്ഷാൻ നിലയം. റേഡിയേഷൻ ചോർച്ച പരിശോധന നടത്തിയെന്നും റേഡിയേഷൻ കണ്ടെത്തുന്നതിനുള്ള പരിധി ചൈനീസ് അധികൃതർ ഉയർത്തിയെന്നും ഫ്രഞ്ച് കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാൽ, പ്ലാന്റിലെ രണ്ട് റിയാക്ടറുകളും സുരക്ഷിതമാണെന്നും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും യു.എസിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും തായ്ഷാൻ പ്ലാന്റ് അധികൃതർ അറിയിച്ചു.

ഫ്രഞ്ച് കമ്പനിയുടെ അഭ്യർത്ഥന പ്രകാരം ചോർച്ച സ്ഥിരീകരിക്കുന്നതിന് അമേരിക്ക ഒരാഴ്ചയോളം ചെലവഴിച്ചെന്നാണ് റിപ്പോർട്ട്. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയിൽ പങ്കാളിത്തമുള്ള വിദേശ കമ്പനി സഹായത്തിനായി അമേരിക്കന്‍ സര്‍ക്കാരിനെ സമീപിക്കുന്നത് അസാധാരണമാണ്. നിലവിലെ സ്ഥിതിഗതികൾ പ്ലാന്റിലെ തൊഴിലാളികൾക്കോ പൊതുജനങ്ങൾക്കോ ഭീഷണി ഉയർത്തുന്നില്ലെന്നാണ് അമേരിക്ക പറയുന്നത്..

വിഷയത്തിൽ യു.എസ് ദേശീയ സുരക്ഷ സമിതി കഴിഞ്ഞ ആഴ്ച ഒന്നിലധികം തവണ യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണ് വിവരം.