moblynching

ജയ്‌പൂർ: രാജസ്ഥാനിലെ ചിറ്റോർഗഢിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. മദ്ധ്യപ്രദേശിലെ അചൽപൂർ സ്വദേശി ബാബു ലാൽ ഭിൽ (25) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പിന്റു ഭില്ലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കന്നുകാലികളുമായി ബാബുവും പിന്റുവും വാഹനത്തിൽ സഞ്ചരിക്കവേ എട്ടുപേരോളം അടങ്ങുന്ന സംഘം വാഹനം തടഞ്ഞു നിറുത്തി. പിന്നാലെ വാഹനത്തിൽ നിന്ന് ഇരുവരെയും പിടിച്ചിറക്കി മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു.

'പശുക്കളെ വാഹനത്തിൽ കൊണ്ടുപോവുകയായിരുന്ന രണ്ടുപേരെ ഒരുകൂട്ടം ആളുകൾ മർദ്ദിക്കുന്നുവെന്ന് അർദ്ധരാത്രിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ചു. ഞങ്ങൾ സംഭവസ്ഥലത്തെത്തുമ്പോൾ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ രണ്ടുപേരെ ആക്രമിക്കുന്നത് കണ്ടു.'- ഉദയ്പൂർ റേഞ്ച് ഐ.ജി സത്യവീർ സിംഗ് പറഞ്ഞു.

അക്രമികൾ അവരുടെ രേഖകളും മൊബൈൽ ഫോണും കൈക്കലാക്കി. പൊലീസിനെ കണ്ടതോടെ ഓടിപ്പോയി. ഉദ്യോഗസ്ഥർ ഇരുവരെയും രക്ഷിച്ച് ആശുപത്രിയിലാക്കിയെങ്കിലും ബാബു മരിച്ചിരുന്നു. പിന്റുവിന്റെ നില ഇപ്പോൾ തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.