kk

തിരുവനന്തപുരം: വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാമെന്നതു കൊണ്ട് ലോക്ക്ഡൗണ്‍ പിന്‍വലിച്ചു കഴിഞ്ഞാലും കൊവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. . ഡെല്‍റ്റാ വൈറസ് കാരണം രോഗം ഭേദമാകുന്നവരിലും വാക്സിന്‍ എടുത്തവരിലും വീണ്ടും രോഗബാധ ഉണ്ടായേക്കാം. ക്വാറന്റൈനും ചികിത്സയും വേണ്ടിവരുന്നതിനാല്‍ വാക്സിനെടുത്തവരും രോഗം ഭേദമായവരും തുടര്‍ന്നും കൊവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അതിവ്യാപന ശേഷിയുള്ള വൈറസിനെ ചെറുത്ത് മൂന്നാം തരംഗത്തെ തടയാന്‍ വലിയ ബഹുജന കൂട്ടായ്മ തന്നെ ഉണ്ടാകണം. കൊവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ച് വരികയാണ്. എന്നാല്‍ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും വർഷങ്ങളും എടുത്തേക്കാം. . ഇതെല്ലാം കണക്കിലെടുത്ത് മറ്റൊരു ലോക്ഡൗണിലേയ്ക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.