k-rail

തിരുവനന്തപുരം: കാസർകോട്‍ മുതൽ തിരുവനന്തപുരംവരെ നിർമിക്കുന്ന പുതിയ വേഗ റെയിൽപാതയ്ക്കായി ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കാനിരിക്കെ പാത ഏതൊക്കെ സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാൻ മാപ്പ് പ്രസിദ്ധീകരിച്ച് അധികൃതർ. നിലവിലെ പദ്ധതിരേഖ അനുസരിച്ച് പാത കടന്നുപോകുന്ന അലൈൻമെന്റിന്റെ രൂപരേഖയുടെ മാപ്പ് കെ-റെയിലിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് (https://keralarail.com/alignment-of-silver-line-corridor/).

ഈ പാതയിൽ നേരിയ വ്യത്യാസങ്ങൾ പ്രതീക്ഷിക്കാമെങ്കിലും ഓരോ സ്ഥലത്തിന്റെയും കൃത്യമായ വിവരങ്ങൾ മാപ്പിൽ ഉണ്ട്. സ്മാർട്ട് ഫോണിൽ പ്രവർത്തിക്കുന്ന തരത്തിൽ ​ഗൂ​ഗിൾ മാപ്പിലാണ് പാതയുടെ അലെെൻമെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസർ​ഗോഡ് എത്തുമെന്നാണ് കരുതുന്നത്. ട്രെയിനുകൾ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാവും സഞ്ചരിക്കുക.

ഈ സിൽവർ ലൈൻട്രാക്കിൽ 11 സ്‌റ്റേഷനുകൾ ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ നെടുമ്പാശേരി വിമാനത്താവളത്തിനോടു ചേർന്നാണ് സ്‌റ്റേഷൻ അനുവദിച്ചിരിക്കുന്നത്. തിരക്കേറിയ തിരുവനന്തപുരം-എറണാകുളം പാതയിൽ യാത്രാസമയം വെറും ഒന്നര മണിക്കൂറായിരിക്കുമെന്നാണ് പ്രതീക്ഷ.