തിരുവല്ല: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ എക്സൈസ്, പൊലീസ്, നർക്കോട്ടിക് വിഭാഗങ്ങൾ നടത്തിയ വ്യത്യസ്ത പരിശോധനയിൽ 830 ലിറ്റർ കോടയും 1 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. നർക്കോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പുലർച്ചെ നടത്തിയ റെയ്ഡിൽ മുണ്ടിയപ്പള്ളിയിൽ നിന്നും 200 ലിറ്റർ കോട പിടികൂടി. മുണ്ടിയപ്പള്ളി ഐക്കുഴിക്ക് സമീപത്തെ റബർ തോട്ടത്തിൽ നിന്നും പ്ലാസ്റ്റിക് ജാറുകളിൽ നിറച്ച നിലയിലാണ് കോട കണ്ടെടുത്തത്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിൽസൺ, എ.എസ്.ഐ അജികുമാർ, സി.പി ഒമാരായ ബിനു, മിഥുൻ,അഖിൽ,ശ്രീരാജ്,രജിത്ത്,രാജേഷ് എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത കോട നശിപ്പിച്ചു. എക്സൈസ് സംഘം തോട്ടപ്പുഴശ്ശേരി കള്ളിപ്പാറ ലക്ഷംവീട് കോളനിയിലെ കെ.പി ബിന്ദുവിന്റെ വീട്ടിൽ നിന്നും 55 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കടപ്ര തേവേരി ചെട്ടിയാകുളത്തു തോമസിന്റെ വീട്ടിൽ നിന്നും 75 ലിറ്റർ കോട പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വി.രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, ജി.പ്രവീൺ, കെ.അനസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. വേങ്ങൽ ഈയ്യന്തറ്റി തുണ്ടിയിൽ മോഹനന്റെ വീട്ടിൽ നിന്നും 1 ലിറ്റർ വാറ്റുചാരായം പിടികൂടി. തിരുവല്ല റേഞ്ച് ഇൻസ്പെക്ടർ എസ്.മധുസൂദനൻപിള്ളയുടെ നേതൃത്വത്തിൽ അസി.ഇൻസ്പെക്ടർ എം.എസ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ നിയാദ്, അനോഷ്,സോൾ,സനീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
പുളിക്കീഴ് പൊലീസ് ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ തുരുത്തിൽനിന്നും 500 ലിറ്റർ കോട പിടികൂടി നശിപ്പിച്ചു. എസ്.ഐ മാരായ വിത്സൺ, സാജൻ പീറ്റർ,എ.എസ്.ഐ അജികുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.