k-sudhakaran

തിരുവനന്തപുരം: സി.പി.എമ്മാണ് മുഖ്യ എതിരാളിയെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന്‍റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കേണ്ടത് നേതൃത്വമാണ്. ഇത് നേരത്തെയും ഉന്നയിച്ച പ്രശ്‌നമാണെന്നും ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ബി.ജെ.പി അല്ല സി.പി.എമ്മാണ് മുഖ്യ എതിരാളി എന്നായിരുന്നു സുധാകരന്റെ പരാമർശം.

ഇന്ന് ഈ രാജ്യം സ്വീകരിക്കുന്ന പൊതുനിലപാടില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണതെന്നും കേരളത്തിലെ കോണ്‍ഗ്രസിന് പ്രത്യേക നിലപാടുണ്ടോ എന്നറിയില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായടക്കം കൂട്ടുകൂടുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മടിയുണ്ടായിട്ടില്ല. അഖിലേന്ത്യാ നേതൃത്വം വന്നപ്പോഴും കേന്ദ്ര ഏജന്‍സികളുടെ ഫലപ്രദമായ അന്വേഷണമില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നല്ലോ ആക്ഷേപം. നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബി.ജെ.പിയും കോൺഗ്രസും ചേർന്ന് സി.പി.എമ്മിനെയും ഇടതുമുന്നണിയെയും ലക്ഷ്യമിട്ടാണ് നീങ്ങിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം, എല്ലാക്കാലത്തും ബി.ജെ.പിയോട്‌ സൗഹാര്‍ദ്ദ സമീപനം എന്നത്‌ സുധാകരന്റെ മുഖമുദ്രയാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. ബിജെപി മുഖ്യശത്രുവല്ലെന്നും അതിനാല്‍ എതിര്‍ക്കപ്പെടേണ്ടതില്ലെന്നുമാണ്‌ സുധാകരന്‍ പരസ്യമായി പ്രഖ്യാപിച്ചത്‌. വര്‍ഗീയതയുമായി ഏത്‌ അവസരത്തിലും കേരളത്തിലെ കോണ്‍ഗ്രസ്‌ സന്ധിചേരുമെന്നതിന്റെ വ്യക്തമായ സൂചനകളാണ്‌ ഇത്‌ നല്‍കുന്നത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിരവധി മണ്ഡലങ്ങളില്‍ യുഡിഎഫ്‌-ബിജെപി കൂട്ടുകെട്ട്‌ ഉണ്ടായിരുന്നതിന്റെ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്‌.

തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്‌ വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്തു. ഇത്‌ കേരളത്തിലെ ജനങ്ങള്‍ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതിന്‌ തെളിവാണ്‌ തിരഞ്ഞെടുപ്പിലെ വിധിയെഴുത്ത്‌. എന്നിട്ടും അതില്‍ നിന്ന്‌ പിന്മാറാന്‍ ഒരുക്കമല്ലെന്ന സൂചനയാണ്‌ കെ.പി.സി.സി നേതൃത്വം മുന്നോട്ടുവയ്‌ക്കുന്നത്‌. ബി.ജെ.പിയോടുള്ള കെപിസിസി സമീപനത്തിൽ ഹൈക്കമാന്റും സോണിയ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.