വടകര: ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ലോറി റോഡിൽ നിന്നു തെന്നിമാറി മറിഞ്ഞത് ഏറെ നേരത്തേക്ക് ഭീതി പരത്തി. ഇന്നലെ രാത്രി ഏഴേമുക്കാലോടെ കണ്ണുക്കരയ്ക്കും മുക്കാളിയ്ക്കും ഇടയിലായിരുന്നു അപകടം. മംഗളൂരുവിൽ നിന്ന് വരികയായിരുന്ന ടാങ്കർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ തെന്നി മാറി റോഡരികിലേക്ക് ചെരിയുകയായിരുന്നു. ഗ്യാസ് ചോർന്നിട്ടുണ്ടോ എന്ന സംശയമുയർന്നതോടെ ചോമ്പാൽ പൊലീസ് ഉടൻ കെ.എസ്.ഇ.ബി യിൽ ബന്ധപ്പെട്ടതിനു പിറകെ അഴിയൂർ, മുട്ടുങ്ങൽ സെക്‌ഷനുകളിൽ നിന്നു ഈ ഭാഗങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതുവഴിയുള്ള ഗതാഗതവും തത്‌കാലത്തേക്ക് നിറുത്തി. വടകര നിന്നു മൂന്ന് യൂണിറ്റ് അഗ്നിശമന സ്ഥലത്ത് കുതിച്ചെത്തി പ്രാഥമിക പരിശോധന നടത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച് ഗ്യാസ് ചോർച്ചയില്ലെന്ന് ഉറപ്പാക്കിയ ശേഷം രാത്രി 9 മണിയോടെ വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു. ഗതാഗതവും തുടർന്നു.