തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണം നിർണയിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. രോഗിയെ ചികിത്സിച്ച ഡോക്ടർക്ക് മരണകാരണം രേഖപ്പെടുത്താം. ജില്ലാതല സമിതി ഇത് പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.
24 മണിക്കൂറിനുള്ളിൽ മരണത്തെക്കുറിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പല കൊവിഡ് മരണങ്ങളും ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനതലത്തിലുള്ള സമിതിയായിരുന്നു ഇതുവരെ കൊവിഡ് മരണങ്ങളെല്ലാം നിശ്ചയിച്ചിരുന്നത്.
ഇനിമുതൽ മൂന്ന് തലത്തിലാണ് മരണകാരണം കൊവിഡാണോയെന്ന് പരിശോധിക്കുക. ആദ്യം ഡോക്ടർക്ക് അല്ലങ്കിൽ മെഡിക്കൽ സൂപ്രണ്ടിന് നിശ്ചയിക്കാം. രോഗി മരിക്കുന്നത് വീട്ടിൽവച്ചാണെങ്കിൽ ബന്ധുക്കൾ ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിവരമറിയിക്കണം. ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് പരിശോധിക്കും.
തുടർന്ന് ആവശ്യമുള്ള രേഖകൾ സഹിതം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ജില്ലാതല സമിതി പരിശോധിച്ച് കൊവിഡ് മരണമാണെന്ന് സ്ഥിരീകരിക്കും. ഇത് ഡിഎംഒ അംഗീകരിക്കുന്നതോടെ റിപ്പോർട്ട് സംസ്ഥാനസമിതിക്ക് ഓൺലൈനായി നൽകും. സംസ്ഥാന സമിതി റിപ്പോർട്ടുകൾ പരിശോധിച്ച് മരണപട്ടിക തയ്യാറാക്കും.