siva-sankar-baba

ചെന്നൈ: ലൈംഗിക പീഡന പരാതിയ്ക്ക് പിന്നാലെ ആൾദൈവം ശിവശങ്കർ ബാബയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.സ്‌കൂൾ വിദ്യാർത്ഥികളെ നഗ്‌നനൃത്തം ചെയ്യാൻ നിർബന്ധിച്ചതിനാണ് ശിവശങ്കർ ബാബയ്‌ക്കെതിരെ ചെങ്കൽപേട്ട് പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.

ബാബയുടെ ആശ്രമത്തിന് സമീപമുള്ള കേളമ്പാക്കത്തെ സുശീൽ ഹരി ഇന്റർനാഷണൽ സ്‌കൂളിൽ പഠിച്ചിരുന്നവരാണ് പരാതി നൽകിയത്. ഇവിടത്തെ വിദ്യാർത്ഥിനികളെ ഒഴിവു സമയങ്ങളിൽ ബാബ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്താറുണ്ടായിരുന്നു. താൻ കൃഷ്ണനും കുട്ടികൾ ഗോപികമാരാണെന്നും വിശ്വസിപ്പിച്ച് വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കും.

കൂടാതെ പഠിച്ചത് മറക്കാതിരിക്കാൻ പരീക്ഷയുടെ തലേദിവസം വിദ്യാർത്ഥിനികളെ ചുംബിക്കുന്നതും പതിവായിരുന്നു. ചില സമയങ്ങളിൽ കുട്ടികളെ കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്. കൊവിഡിന് മുൻപുവരെ ബാബയുടെ ആശ്രമത്തിൽ 'ഭക്തരുടെ' വൻ തിരക്കായിരുന്നു.

സ്‌കൂളിലെ മിക്ക വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. അതിനാൽത്തന്നെ തങ്ങൾ നേരിട്ട മോശം അനുഭവം പുറത്തുപറയാൻ കുട്ടികൾക്ക് പേടിയായിരുന്നു. പത്മശേശാദ്രി ബാലഭവനിലെ അദ്ധ്യാപകന്റെ ലൈംഗികാതിക്രമങ്ങൾ പുറത്തുവന്നതോടെയാണു പൂർവവിദ്യാർത്ഥികൾ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. ബാബ ഇപ്പോൾ ഒളിവിലാണ്.