ചില നേരമുണ്ടെന്റെ ചിന്തയൊരു നേരിന്റെ
മെഴുതിരിയായി ജ്വലിച്ചിടുന്നൂ.
മൃദുനാളമതിലൊന്നു തെളിയുന്നു, കാറ്റിന്റെ
കരുതലിൽ തത്തിയുലഞ്ഞിടുന്നു.
ചിലനേരമുണ്ടതു ശരറാന്തൽ വെട്ടമായ്
വഴികാട്ടുവാനിരുൾ കീറിടുന്നൂ.
തെരുവിൽ പരുങ്ങുന്നു മുൾഭ്രമം, കൂർനഖ-
പ്പരുഷരാം തൃഷ്ണക്കരിമ്പുലികൾ.
ചില നേരമെൻ ചിന്ത നീൾവിരൽമിന്നലാൽ
വിധിവാകമെന്തോ കുറിച്ചിടുന്നൂ,
അറിവിൻ നെരിപ്പോടിലെരിയും വിറകുകൾ
കനലായി, ജീവിതച്ചാരമാകേ.
ചിലനേരമതു സൂര്യമുഖമായ് ജ്വലിക്കുന്നു,
ജലദസന്ദേഹങ്ങൾ പെയ്തിടുന്നൂ,
കതിരിന്നെഴുത്താണി വിണ്ണിന്റെ താൾകളിൽ
മഴവിൽ നിറങ്ങളെഴുതിടുമ്പോൾ.
ചിലനേര,മങ്ങനെ ചിലനേര,മെന്നിലി-
ങ്ങെരിയുകയാണീ മഹാപ്രപഞ്ചം.