ന്യൂഡൽഹി: പൗരത്വബിൽ നടപ്പാക്കുന്നതിനെ ചൊല്ലി ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. വനിതകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ പിൻജ്രാ തോഡിന്റെ പ്രവർത്തകരായ നതാഷാ നർവാൾ, ദേവാംഗനാ കളിതാ എന്നിവർക്കും ജാമിയാ മിലിയ ഇസ്ലാമിയ സർവകലാശാല വിദ്യാർത്ഥിയായ ആസിഫ് ഇഖ്ബാലിനുമാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം മേയ് 20ന് അറസ്റ്റിലായ ഇവരെ 50,000 രൂപയുടെ ആൾജാമ്യത്തിലും രാജ്യം വിട്ടുപോകരുത് മുതലായ കർശന നിബന്ധനകളോടെയുമാണ് ജാമ്യം അനുവദിച്ചത്.
അതോ സമയം ജനങ്ങളുടെ പ്രതിഷേധങ്ങളെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നത് നല്ല പ്രവണതയല്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാത്ഥ് മൃദുൾ, അനൂപ് ജയറാം ഭംഭാനി എന്നിവരുടെ ബഞ്ച് അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള വ്യഗ്രതയിൽ ജനാധിപത്യത്തിൽ അനുവദനീയമായ പ്രതിഷേധവും തീവ്വവാദവും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോകുന്നതായി കോടതി അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് നല്ലതല്ലെന്നും കോടതി പറഞ്ഞു.