ഐ. വി ശശി -സീമ ദമ്പതികളുടെ മകൻ എന്ന മേൽവിലാസത്തിൽ നിന്ന് സിനിമാപ്രേമികൾക്ക് പ്രതീക്ഷ നൽകുന്ന സംവിധായകനായി മാറിയിരിക്കുകയാണ് അനി ഐ.വി ശശി. ലോകസിനിമയ്ക്ക് മുന്നിൽ മലയാളത്തിന്റെ അഭിമാനമായേക്കാവുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം" എന്ന പ്രിയദർശൻ ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തും സംവിധായകനുമാണ് അനി. ആദ്യ ചിത്രം 'നിന്നില നിന്നില"യ്ക്ക് ശേഷം അനി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'മായ" കഴിഞ്ഞ ആഴ്ചയാണ് റിലീസായത്. മരക്കാറിന്റെയടക്കം വിശേഷങ്ങൾ അനി പങ്കു വയ്ക്കുന്നു.
വളരെ മുമ്പുതന്നെ പൂർത്തിയായ 'മായ" വൈകിയാണല്ലോ റിലീസിനെത്തിയത്?
എന്റെ ഒരു സിനിമ എങ്കിലും റിലീസ് ചെയ്തിട്ടേ മായ പ്രേക്ഷകർക്ക് മുന്നിലെത്താവൂ എന്നൊരു നിർബന്ധം എനിക്കുണ്ടായിരുന്നു. 'നിന്നില നിന്നില" എന്ന ചിത്രം വൈകിയതുകൊണ്ടുതന്നെയാണ് മായയും വൈകിയത്.
ആദ്യ സിനിമ തെലുങ്കിൽ ചെയ്യാൻ കാരണം?
മലയാളത്തിൽ ചെയ്യാൻ ഉദ്ദേശിച്ചു തന്നെയാണ് എഴുതി തുടങ്ങിയത്. നിർമ്മാതാവും അഭിനേതാക്കളുമെല്ലാം റെഡിയായിരുന്നു. പക്ഷേ തുടർന്നുള്ള സാഹചര്യങ്ങൾ തമിഴിലാണ് ഒരുങ്ങിയത്. പിന്നീട് സുഹൃത്തും കാമറാമാനുമായ ദിവാകർ മണിയുടെ നിർബന്ധത്തിലാണ് ഹൈദരാബാദിലേക്ക് കഥ പറയാനായി പോയത്. അങ്ങിനെയാണ് തെലുങ്കിൽ ചെയ്യാമെന്ന് തീരുമാനിക്കുന്നത്.
മലയാളത്തിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ ആരൊക്കെയായിരുന്നു മനസിൽ?
അത് പറയാൻ പറ്റില്ല.
മലയാളസിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് താങ്കളുടെ അച്ഛൻ. സിനിമയിൽ അച്ഛന്റെ സ്വാധീനം എത്രത്തോളം അനിയിലുണ്ട് ?
സിനിമയിലേക്കുള്ള എന്റെ ഫൗണ്ടേഷൻ തന്നെ അച്ഛനാണ്. ഞങ്ങൾ കൂടുതൽ സംസാരിച്ചിട്ടുള്ളതും സിനിമയെ കുറിച്ചാണ്. അച്ഛന്റെ വേർപാട് എന്നിൽ വരുത്തിയ മാറ്റങ്ങളും ഏറെ വലുതാണ്. ഐ.വി ശശിയുടെ മകൻ എന്ന ഈഗോ ഇപ്പോൾ എനിക്കില്ല. എന്നാൽ ഷൂട്ടിംഗ് സെറ്റിൽ ക്രൗഡിനെ എങ്ങനെ നിയന്ത്രിക്കാം എന്നു തുടങ്ങി സിനിമയുടെ സാങ്കേതിക വശങ്ങൾ പഠിച്ചത് ഗുരുവായ പ്രിയദർശൻ സാറിൽ നിന്നാണ്.
മലയാളത്തിൽ ഒരു മാസ് ചിത്രം ചെയ്യാൻ പദ്ധതിയുണ്ടായിരുന്നല്ലോ?
ഉണ്ടായിരുന്നു. കഥ എഴുതിയതുമാണ്. പക്ഷേ ഞാൻ ഉദ്ദേശിച്ച നടന് അതത്ര ബോദ്ധ്യമായില്ല.
ആ നടൻ ആരാണെന്ന് ചോദിക്കട്ടെ?
ചോദിച്ചോളൂ, ഞാൻ പറയില്ല.
മലയാള സിനിമയുടെ ഹിറ്റ് മേക്കറാണ് പ്രിയദർശൻ. ആ വിജയരഹസ്യം ഗുരു പറഞ്ഞു തന്നിരുന്നോ?
ഷൂട്ടിംഗ് സെറ്റിൽ വച്ച് ഒന്നും പറഞ്ഞു തന്ന് പഠിപ്പിക്കുന്നയാളല്ല പ്രിയൻസർ. അദ്ദേഹത്തിൽ നിന്ന് പഠിച്ചെടുക്കേണ്ടത് നമ്മളാണ്. അഭിപ്രായങ്ങളിൽ കാര്യമുണ്ടെന്ന് തോന്നിക്കഴിഞ്ഞാൽ അദ്ദേഹമത് സ്വീകരിക്കുകയും ചെയ്യും.
മരക്കാറിലെ അനുഭവങ്ങൾ ഏറെ പ്രിയപ്പെട്ടതായിരിക്കുമല്ലോ?
തീർച്ചയായും, അനുഭവങ്ങൾ നിരവധിയാണ്. 110 ദിവസം സെറ്റിലെ ഓരോ സിനിമാ പ്രവർത്തകനും കഷ്ടപ്പെട്ടതിന്റെ ഉത്പന്നമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം." എന്തും ചെയ്യാൻ പറ്റും എന്നൊരു ആത്മവിശ്വാസമാണ് ഇപ്പോൾ ഞങ്ങൾക്ക്. കടലിലെ രംഗങ്ങളൊക്കെ ചിത്രീകരിച്ചത് ഒരുപാട് കഷ്ടപ്പെട്ടാണ്. റാമോജി റാവുവിൽ ഒരു സമുദ്രം തന്നെ സൃഷ്ടിക്കുകയായിരുന്നു ഞങ്ങളുടെ മുന്നിലെ വെല്ലുവിളി. ആ വെല്ലുവിളി നൂറ് ശതമാനവും പൂർണതയിലെത്തിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.
ആരൊക്കെയാണ് സിനിമയിലെ അടുത്ത സുഹൃത്തുക്കൾ?
'നിന്നില നിന്നില", 'മായ" എന്നിവയിൽ അഭിനയിച്ച അശോക് അടുത്ത സുഹൃത്താണ്. നിത്യ മേനോൻ, റിതു വർമ്മ ഇവരൊക്കെയുണ്ട് കൂട്ടത്തിൽ. കല്യാണിയും പ്രണവും മായയും കളിക്കൂട്ടുകാരാണ്.മരക്കാർ കഴിഞ്ഞു, ഇനി അടുത്തത്?
തെലുങ്കിൽ തന്നെ രണ്ട് ചിത്രങ്ങളുണ്ട്. മലയാളത്തിൽ ഒരു മികച്ച ടീം ഒത്തുവരികയാണെങ്കിൽ അതും നടക്കും.
അമ്മയുടെ വിശേഷങ്ങളിലൂടെ സംസാരം അവസാനിപ്പിക്കാം?
അമ്മ സുഖമായിരിക്കുന്നു. അമ്മയിൽ നിന്നും ഞാൻ പഠിച്ച ഒരുപാട് കാര്യങ്ങളുണ്ട്. ഏതൊരു കാര്യവും ഏറ്റവും ലഘുവായി മാത്രമേ അമ്മ സമീപിക്കാറുള്ളൂ. പിരിമുറുക്കങ്ങൾക്കൊന്നും അവിടെ സ്ഥാനമില്ല. കുട്ടികളുടെ മനസാണ് അമ്മയ്ക്ക്.