patmarajan

കൊച്ചി: പാലത്തായി പീഡനത്തിൽ ശരിയായ അന്വേഷണം നടത്താതെയാണ് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്ന വാദവുമായി പ്രതി പത്മരാജൻ കോടതിയിൽ. കേസിന് പിന്നിൽ രാഷ്‌ട്രീയ വിരോധമുണ്ട്. അതുകൊണ്ട് തന്നെ കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പത്മരാജന്റെ ആവശ്യം.

കേസിൽ സിബിഐയുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാട് കോടതി തേടി. മൂന്നാഴ്‌ചയ്‌ക്കുള‌ളിൽ ഹർജി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. 2020 മാർച്ച് 16ന് കണ്ണൂരിൽ പഠിക്കുന്ന സ്‌കൂളിൽവച്ച് പത്ത്‌ വയസുകാരിയായ കുട്ടിയെ അദ്ധ്യാപകനായ കുനിയിൽ പത്മരാജൻ പീഡിപ്പിച്ചുവെന്നതായിരുന്നു പാലത്തായി കേസ്. സംഭവത്തിൽ അറസ്‌റ്റിലായ പത്മരാജനെതിരെ ശാസ്‌ത്രീയ തെളിവുകളുടെ അഭാവത്തിൽ പോക്‌സോ വകുപ്പുകൾ ചുമത്തിയിരുന്നില്ല. തുടർന്ന് 2020 ജുലായ് 16ന് പത്മരാജൻ ജാമ്യത്തിലിറങ്ങി.