ലോകത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നവർ വസിക്കുന്ന നാടുകളിലൊന്നാണ് ഡെൻമാർക്ക്. മികച്ച വിദ്യാഭ്യാസത്തിനും വരുമാനത്തിനും ജീവിതനിലവാരത്തിനുമെല്ലാം ഡെൻമാർക്കിനെ വെല്ലാൻ മറ്റൊരു യൂറോപ്യൻ രാജ്യമില്ലെന്ന് തന്നെ പറയാം. വടക്കേ യൂറോപ്പിലെ സ്കാൻഡിനേവിയൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ രാജ്യം കടൽത്തീരവും പാടങ്ങളും തടാകങ്ങളും നിറഞ്ഞ പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികളെ അത്ഭുതപ്പെടുന്നുന്ന ഭൂമിയാണ്.
ഡെന്മാർക്കിനെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങൾ കൂടി പറയാം...
ഏറ്റവും പഴക്കമുള്ള പതാക
ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാകകളിലൊന്നാണ് ഡെന്മാർക്കിന്റെത്. ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത കുരിശിന്റെ രൂപമുള്ള ഈ പതാക ആദ്യമായി ഉയർത്തിയത് 1219 ലെ ലിൻഡാനിസെ യുദ്ധസമയത്തായിരുന്നെന്നാണ് ചരിത്രം പറയുന്നു. ഏറ്റവും പഴക്കമേറിയ പതാകയല്ലെങ്കിലും, ഇപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും പഴയ ദേശീയ പതാകയെന്ന ഗിന്നസ് റെക്കാർഡ് ഡെന്മാർക്കിനാണ്.
നൂറ്റാണ്ടുകളായുള്ള രാജവാഴ്ച
ഭരണഘടനാനുസൃതമായ രാജവാഴ്ച നിലനിൽക്കുന്ന രാജ്യമാണ് ഡെന്മാർക്ക്. രാജാവ് അഥവാ രാജ്ഞി രാഷ്ട്രത്തലവനായുള്ള ഭരണഘടനാധിഷ്ഠിത സർക്കാരാണ് ഡെൻമാർക്കിലുള്ളത്. 1849ലാണ് ഏകാധിപത്യ രാജവാഴ്ചയിൽ നിന്ന് ഭരണഘടനാധിഷ്ഠിത രാജവാഴ്ചയിലേയ്ക്ക് രാജ്യം മാറിയത്. പിന്നീട്, 1915-ലെ ഭരണഘടന പ്രകാരം സമ്പൂർണ രാഷ്ട്രീയ ജനാധിപത്യവും പ്രായപൂർത്തി വോട്ടവകാശവും നിലവിൽവന്നു. 1953-ലെ ഭരണഘടന പാർലമെന്റിന്റെ ഉപരിമണ്ഡലത്തെ റദ്ദാക്കുകയും സ്ത്രീകളുടെ വോട്ടവകാശം അംഗീകരിക്കുകയും ചെയ്തു.
സന്തോഷത്തിന്റെ ഡാനിഷ് ജനത
ലോകത്തെ ഏറ്റവും സന്തുഷ്ടരും സംതൃപ്തരുമായ ജനങ്ങളാണ് ഡെന്മാർക്കിലുള്ളതെന്ന് രാജ്യാന്തര പഠനങ്ങൾ സൂചിപ്പിക്കുന്നു. യു.എൻ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം രണ്ട് വർഷമായി ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകളായി തിരഞ്ഞെടുക്കപ്പെട്ടത് ഡെന്മാർക്കിലെ ജനങ്ങളെയാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരും സംസ്ക്കാര സമ്പന്നരുമാണ് ഡാനിഷ് ജനത. നഗരങ്ങൾ പൊതുവേ തിരക്കേറിയതും ഉൾപ്രദേശങ്ങൾ പ്രകൃതിസൗന്ദര്യം നിറഞ്ഞതും ശാന്തവുമാണ്. ഹരിത വനങ്ങളാൽ സമൃദ്ധമാണ് ഡെൻമാർക്ക്. ഒരാേ 50 കിലോമീറ്റർ ദൂരത്തിലും കടൽത്തീരങ്ങളുണ്ട്. ഡെന്മാർക്കിലെ ജനങ്ങൾ അവധിദിനങ്ങൾ ചെലവഴിക്കുന്നത് പ്രധാനമായും ബീച്ചുകളിലാണ്.
പഠിക്കാൻ പണം ഇങ്ങോട്ട്
സ്വതന്ത്ര വിദ്യാഭ്യാസത്തിന് ഏറ്റവുമധികം പ്രാധാന്യം നല്കുന്ന രാജ്യങ്ങളിലൊന്നാണ് ഡെന്മാർക്ക്. 18 വയസിന് മുകളിലുള്ളവർക്ക് ആറു വർഷം വരെ സൗജന്യമായി പഠിക്കാനുള്ള അവസരം രാജ്യത്തുണ്ട്. ഇത്തരം ആശയങ്ങൾക്ക് തുടക്കമിട്ടതും ഡെൻമാർക്കാണ്. മാതാപിതാക്കളോടൊപ്പം താമസിക്കാത്തവർക്ക് ഒരു മാസത്തിൽ 5,839 ഡാനിഷ് ക്രോണുകൾ (ഏകദേശം 61562 രൂപ) ഗ്രാന്റായും ലഭിക്കും.
ആളുകളെക്കാൾ കൂടുതൽ സൈക്കിൾ!!
2000ത്തിലെ കണക്കു പ്രകാരം 53 ലക്ഷം ജനങ്ങളാണ് ഡെന്മാർക്കിലുള്ളത്. ഇവിടത്തെ ജനങ്ങൾ സൈക്കിൾ യാത്ര ആസ്വദിക്കുന്നവരായതിനാൽ ജനസംഖ്യയേക്കാൾ കൂടുതൽ സൈക്കിളുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. താരതമ്യേന പരന്ന ഇടമായതിനാൽ സൈക്കിളുകൾ തന്നെയാണ് ഇവിടെ കൂടുതൽ അനുയോജ്യം. ഇവിടത്തെ ഏറ്റവും ഉയരം കൂടിയ മൊല്ലെഹോജ് കുന്നിന് 170 മീറ്റർ മാത്രമാണ് ഉയരം. ഇത് പരിസ്ഥിതി മലിനീകരണം കുറയ്ക്കും എന്നത് മറ്റൊരു നേട്ടമാണ്. മാത്രമല്ല, കാറുകൾക്ക് കനത്ത നികുതിയൊടുക്കേണ്ടി വരുമെന്നത് ആളുകളെ സൈക്കിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്.
കുഞ്ഞുങ്ങൾക്ക് പേരിടുന്നത് സർക്കാർ
കേൾക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം. പക്ഷേ, സംഗതി സത്യമാണ്. മാതാപിതാക്കൾക്ക് ഇഷ്ടമുള്ള പേര് കുഞ്ഞുങ്ങൾക്ക് ഇടാനാവില്ല. കുഞ്ഞുങ്ങളുടെ പേരുകൾക്കായി മുൻകൂട്ടി അംഗീകാരം ലഭിച്ച 7,000 പേരുകളുടെ ഒരു പട്ടിക സർക്കാർ സൂക്ഷിക്കുന്നു. ഇതിൽ നിന്ന് വേണം കുഞ്ഞുങ്ങളുടെ പേര് തിരഞ്ഞെടുക്കാൻ.
സന്തോഷത്തിന്റെ ദ്വീപസമൂഹം
ഡെൻമാർക്കിലെ 443 ദ്വീപുകളിൽ 70 എണ്ണത്തിനു മാത്രമേ ജനവാസമുള്ളു. ഡെൻമാർക്കിൽ നിന്ന് 2090 കിലോമീറ്റർ അകലെ കാനഡയുടെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രീൻലാൻഡും സ്കോട്ട്ലൻഡിന് വടക്ക് സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപുകളും ഡെന്മാർക്കിന്റെ ഭാഗമാണ്. ഫറോസ് ദ്വീപുകൾക്ക് 1948 ലും ഗ്രീൻലൻഡ് പ്രവിശ്യക്ക് 1979ലുമാണ് സ്വയംഭരണം ലഭിച്ചത്.
കൃത്യനിഷ്ഠയുടെ കാര്യത്തിൽ കിറുകൃത്യം
ഇവിടത്തെ ആളുകൾ സ്വതന്ത്രരും ഔപചാരികതകൾ പരിഗണിക്കാത്തവരുമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ സമയനിഷ്ഠയുടെ കാര്യത്തിൽ ഡാനിഷ് ജനങ്ങളെ വെല്ലാൻ ആരുമില്ല. കൂടിക്കാഴ്ചകളോ മറ്റോ ഉണ്ടെങ്കിൽ കൃത്യസമയം പാലിച്ച് എത്തുന്നവരായിരിക്കും ഇവർ.
കുറച്ചു പണി, കൂടുതൽ വിശ്രമം
ആഴ്ചയിൽ 27മുതൽ 28 മണിക്കൂർ മാത്രമാണ് ഡെന്മാർക്കിലെ ഔദ്യോഗിക ജോലിസമയം. തൊഴിലാളികൾക്കും മേലുദ്യോഗസ്ഥർക്കും ഒരേ സ്ഥാനമാണ് ജോലി സ്ഥലങ്ങളിലുള്ളത്. ജീവനക്കാരും മാനേജർമാരും അവരുടെ ആദ്യനാമങ്ങൾ ഉപയോഗിച്ച് പരസ്പരം അഭിസംബോധന ചെയ്യുകയും പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാവരുടെയും തുല്യമായ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ നിക്ഷേപ റിപ്പോർട്ടനുസരിച്ച് യൂറോപ്പിലെ ഏറ്റവും ഉൽപാദനക്ഷമതയുള്ളതും കഠിനാധ്വാനികളുമായ തൊഴിലാളികളാണ് ഡെൻമാർക്കിലാണ്. ഡെൻമാർക്കിലെ എല്ലാ ജീവനക്കാർക്കും പ്രത്യേക അവധിക്കാല നിയമവും നിലവിലുണ്ട്. .
അഴിമതി ഇല്ലേ.. ഇല്ല
ട്രാൻസ് പരൻസി ഇന്റർനാഷണലിന്റെ വാർഷിക റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഡെൻമാർക്ക്. ഇടപാടുകളിലും മറ്റും തികഞ്ഞ സുതാര്യത കാത്തുസൂക്ഷിക്കുന്നവരാണ് ഡെൻമാർക്കിലെ ജനങ്ങൾ.