വുഹാൻ: കൊവിഡ് രോഗം ലോകമാകെ പടരാനിടയായത് വുഹാനിലെ ലാബിൽ നിന്നാണെന്ന വാദത്തെ വീണ്ടും തളളി ചൈനയിലെ 'ബാറ്റ് വുമൺ' എന്നറിയപ്പെടുന്ന ഡോ.ഷി സെൻഗ്ളി. 2019ൽ ഷി നേതൃത്വം നൽകുന്ന ലാബിൽ നിന്നാണ് കൊവിഡ് രോഗാണു പുറത്തുകടന്നതെന്നാണ് സംസാരം. എന്നാൽ ഈ വാദത്തെ ഷി സെൻഗ്ളി തളളിക്കളയുന്നു.
യാതൊരു തെളിവുമില്ലാത്ത ഒരു വാദത്തെ എങ്ങനെയാണ് ഞാൻ പിന്തുണയ്‌ക്കുക? ഇല്ലാത്ത ഈ സംഭവത്തിന് തെളിവുതരാനില്ല. ഷി അഭിപ്രായപ്പെട്ടു. 'നിരപരാധിയായ ശാസ്‌ത്രജ്ഞനുമേൽ നിരന്തരം ലോകം മാലിന്യം ചൊരിയുകയാണ്.' ഷി പറഞ്ഞു. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഷി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ലോകത്തിന്റെ നിരവധി കോണുകളിൽ നിന്ന് ലോകാരോഗ്യ സംഘടന വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തണം എന്ന വാദം ഉയർന്നുവരുന്നതിനിടെയാണ് ഷി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ വിഷയത്തിൽ അന്വേഷണം നടത്താൻ അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. 2019ൽ വുഹാൻ ലാബിലെ മൂന്ന് ശാസ്‌ത്രജ്ഞർ ആശുപത്രിയിൽ ചികിത്സ തേടിയതായി ഈയിടെ ഒരു മുൻനിര മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തതോടൊണ് വിഷയം വീണ്ടും അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായത്. ചൈനയുടെ തെക്കുപടിഞ്ഞാറുളള യുന്നാൻ പ്രവിശ്യയിലെ വവ്വാലുകളുളള ഒരു ഗുഹയിൽ ഇവർ സന്ദർശനവും നടത്തിയിരുന്നു.
2017ൽ ഷിയും മറ്റ് ശാസ്‌ത്രജ്ഞരും പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം നിലവിലെ കൊവിഡ് വൈറസുകളെ ചേർത്ത് ഒരു പുതിയ ഹൈബ്രിഡ് കൊവിഡ് വൈറസിനെ സൃഷ്‌ടിച്ചതായും ഇവക്ക് മനുഷ്യനിൽ ബാധിക്കുന്നതിനുളള കഴിവുണ്ടോയെന്നും അതിന്റെ പ്രത്യാഘാതവും പഠനവിധേയമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ ലാബിൽ വൈറസിന്റെ ശക്തിയെക്കുറിച്ച് പഠിക്കുക മാത്രമാണ് ചെയ്‌തതെന്നും വിവിധ ജീവികളിലേക്ക് പകരുന്നതെങ്ങനെയെന്നാണ് ഇതിലൂടെ നിരീക്ഷിച്ചതെന്നും ഡോ.ഷി സെൻഗ്ളി പറഞ്ഞു.