vvv

ടെൽ അവീവ്: ഏറെക്കാലമായി ഇസ്രയേലിൽ തുടർന്നു കൊണ്ടിരുന്ന രാഷ്ട്രീയ അസ്ഥിരതയ്ക്ക് വിരാമമിട്ടാണ്, ഒരു വ്യാഴവട്ടക്കാലത്തെ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് നഫ്ത്താലി ബെന്നറ്റിന്റെ നേതൃത്വത്തിൽ സഖ്യകക്ഷി സർക്കാർ അധികാരത്തിലെത്തിയത്. ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ ഉദ്യോഗഭരിതമായ നിമിഷങ്ങൾക്കൊടുവിൽ ഒരു വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് നെതന്യാഹു പരാജയം ഏറ്റു വാങ്ങിയത്. എന്നാൽ തോൽവി സ്ഥിരീകരിച്ച ശേഷവും നെതന്യാഹു അബദ്ധത്തിൽ വന്നിരുന്നത് സഭയിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ. വിശ്വാസ വോട്ടിൽ വിജയിച്ച സഖ്യകക്ഷികൾ വിജയം ആഘോഷിക്കുന്നതിനിടയിൽ നെതന്യാഹു അഭിനന്ദനം അറിയിക്കാൻ അവർക്കിടയിലേക്ക് പോയി. അതിന് ശേഷമാണ് പ്രധാനമന്ത്രി കസേരയിൽ തന്നെ തിരികെ വന്നിരുന്ന നെതന്യാഹുനെക്കണ്ട് സഭയിലെ ഒരംഗം അടുത്തെത്തി കാര്യം ധരിപ്പിച്ചു. അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടം ചൂണ്ടിക്കാട്ടുകയും ചെയ്തു. തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് നെതന്യാഹു പെട്ടെന്ന് തന്നെ കസേരയിൽ നിന്നെഴുന്നേല്ക്കുകയും പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തിലേക്ക് മാറുകയും ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നെതന്യാഹു പുറത്താകുമെന്നുറപ്പായതോടെ രാജ്യത്ത് പലയിടത്തും ജനങ്ങൾ ആഘോഷ പ്രകടനങ്ങൾ നടത്തിയിരുന്നു. ബിബി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് പുറത്ത്

ബൈ ബൈ ബിബി എന്ന മുദ്രാവാക്യവുമായി 2,000 ലേറെ പേർ തടിച്ചു കൂടിയിരുന്നു. ടെൽ അവീവിലെ റാബിൻ സ്‌ക്വയറിലും നെതന്യാഹുവിന്റെ എതിരാളികൾ വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചു.