gelatin

പത്തനംതിട്ട: പത്തനാപുരത്ത് വനംവകുപ്പിന്റെ ഭൂമിയിൽ നിന്നും ഉഗ്രശേഷിയുള‌ള സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തിയതിന് പിന്നാലെ ഇന്ന് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തി. 90ഓളം ജലാറ്റിൻ സ്‌റ്റിക്കുകളാണ് കോന്നി വയക്കര,​ കൊക്കോത്തോട് ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയത്.

ഇന്നലെ വനംവകുപ്പ് ഭൂമിയിൽ സ്‌ഫോടകവസ്‌തുക്കൾ കിട്ടിയതുമായി ബന്ധപ്പെട്ടാണ് ഇന്ന് പത്തനംതിട്ട ജില്ലയിലും വനംവകുപ്പ് പരിശോധന നടത്തിയത്. തുടർന്ന് വയക്കരയിൽ നിന്നാണ് ജെലാ‌റ്റിൻ സ്‌റ്റിക്ക് കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് വിവരം പൊലീസിന് കൈമാറി. ഇതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ജലാറ്റിൻ സ്‌റ്റിക്കുകൾക്ക് ഏതാണ്ട് ഒന്നരമാസത്തെ പഴക്കമാണുള‌ളത്.

പത്തനാപുരത്തെ വനംവകുപ്പിന്റെ കശുമാവിൻ തോട്ടത്തിൽ നിന്നാണ് ജെലാറ്റിൻ സ്‌റ്റിക്ക്,​ ഡിറ്റണേ‌റ്റർ ബാറ്ററി,​ വയറുകൾ എന്നിവ കണ്ടെത്തിയത്. ഇടയ്‌ക്ക് ബീ‌റ്റ് ഫോറസ്‌റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഇവ കണ്ടെത്തിയത്. ഈ സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേരള-തമിഴ്‌നാട് അതിർത്തിയിൽ തീവ്രവാദ സ്വഭാവമുള‌ള ചിലർ ക്യാമ്പ് ചെയ്‌തിരുന്നെന്ന വിവരം തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കേരളത്തിന് നൽകിയിരുന്നു. ഈ സ്ഥലങ്ങളിൽ ക്യൂ ബ്രാഞ്ച് പരിശോധനയും നടത്തിയിരുന്നു.