ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി (എല്‍.ജെ.പി) ദേശീയ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും ചിരാഗ് പാസ്വാനെ പുറത്താക്കി ഇളയച്ഛൻ പശുപതി കുമാർ പരസിന്റെ നേതൃത്വത്തിലുളള വിമതപക്ഷം. ഒരാൾക്ക് ഒരു പദവി എന്ന തത്വം അനുസരിച്ചാണ് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും നീക്കിയതെന്നാണ് വിമത എം.എൽ.എമാർ പറയുന്നത്. എന്നാൽ പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തു നിന്നും ചിരാഗിനെ നീക്കി പശുപതിയെ നിയമിക്കാൻ പാർട്ടിയുടെ ആറ് എം.എൽ.എ മാരിൽ അഞ്ചു പേരും ലോക്സഭാ സ്പീക്കർക്ക് കത്തു നൽകിയതിനു പിറ്റേന്നാണ് ഈ നടപടി എന്നത് ശ്രദ്ധേയമാണ്.
വിമത എം.എൽ.എമാർ പുതിയ വർക്കിംഗ് പ്രസിഡന്റായി സുരജ് ഭാനെയെ തിരഞ്ഞെടുത്തു. അദ്ദേഹത്തോട് പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് വിളിച്ച് അഞ്ചു ദിവസത്തിനകം പുതിയ അദ്ധ്യക്ഷനായി തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിരാഗിനെതിരായി ചരടുവലിച്ചത് ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ആണെന്നാണ് റിപ്പോർട്ട്. എന്നാൽ ജെ.ഡി.യു സംസ്ഥാന നേതൃത്വം ഇക്കാര്യം തളളിക്കളഞ്ഞു.
അതേസമയം, പിതാവ് രൂപീകരിച്ച പാർട്ടിയേയും കുടുംബത്തേയും ഒരുമിച്ചു കൊണ്ടു പോകാൻ ശ്രമിച്ചെന്നും എന്നാൽ താൻ പരാജയപ്പെട്ടെന്നും പാസ്വാൻ ട്വീറ്റ് ചെയ്തു. പാർട്ടി അമ്മയെപ്പോലെയാണ്. അമ്മയെ വഞ്ചിക്കാൻ പാടില്ല. ജനാധിപത്യത്തിൽ പൊതുജനം പരമപ്രധാനമാണ്. പാർട്ടിയിൽ വിശ്വാസമർപ്പിച്ചവർക്ക് താൻ നന്ദി പറയുന്നു എന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട് 2021 മാർച്ച് 29 ന് പശുപതിക്ക് എഴുതിയ കത്തും പാസ്വാൻ ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്.
पापा की बनाई इस पार्टी और अपने परिवार को साथ रखने के लिए किए मैंने प्रयास किया लेकिन असफल रहा।पार्टी माँ के समान है और माँ के साथ धोखा नहीं करना चाहिए।लोकतंत्र में जनता सर्वोपरि है। पार्टी में आस्था रखने वाले लोगों का मैं धन्यवाद देता हूँ। एक पुराना पत्र साझा करता हूँ। pic.twitter.com/pFwojQVzuo
— युवा बिहारी चिराग पासवान (@iChiragPaswan) June 15, 2021