പത്തനംതിട്ട : സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന 96 ജലാറ്റിൻ സ്റ്റിക്കുകൾ കൊക്കാത്തോട് വയക്കര പാലത്തിന് സമീപത്തെ വനമേഖലയിലെ തേക്കുതോട്ടത്തിൽ നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെ 11 മണിയോടെ പട്രോളിംഗ് നടത്തിയ വനപാലകരാണ് ഇവ കണ്ടത്. ചെളിയിൽ പുതഞ്ഞുകിടന്ന ഇവയ്ക്ക് ഒരു മാസത്തോളം പഴക്കമുണ്ട്. ഡിവൈ.എസ്.പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്ന വിദഗ്ദ്ധരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇവ കോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോന്നി വനം ഡിവിഷനിലെ നടുവത്തും മൂഴി റേഞ്ചിൽപ്പെട്ട വനമേഖലയിലുമാണ് ജലാസ്റ്റിൻ സ്റ്റിക്കുകൾ കിടന്നത്. തിങ്കളാഴ്ച നടുവത്തുമൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള കടുവാമൂല ഭാഗത്തുനിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് വനമേഖലയിൽ പരിശോധന നടത്താൻ വനപാലകർക്ക് വനംവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.