തിരുവനന്തപുരം:​ വിഴിഞ്ഞത്ത്‌ കോഴിക്കടയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. വെങ്ങാനൂർ പിറവിളാകം കൈതവിളാകത്ത് വീട്ടിൽ ജഗൻ എന്ന് വിളിക്കുന്ന അഖിരാജിനെയാണ് (20)​ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 9നാണ് മോഷണം നടന്നത്. വൈകിട്ട് ആറോടെ വിഴിഞ്ഞം മുക്കോല ബൈപ്പാസ്‌ റോഡിലുളള ബി.എസ് ചിക്കൻ കടയിൽ കോഴി വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രതി, ജീവനക്കാരനായ അസാം സ്വദേശി കോഴിയെടുക്കാനായി അകത്തേക്ക് പോയനേരം നോക്കി വിലപിടിപ്പുള്ള മൊബൈൽ ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ച് വിഴിഞ്ഞം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐ​മാരായ രാജേഷ്, അലോഷ്യസ്, ദിപിൻ സി.പി.ഒ​മാരായ അജികുമാർ, സജൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അഖിരാജിനെതിരെ മൂന്ന്‌ മോഷണ കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.