ലക്നൗ: ഒരു വർഷത്തിനകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞേക്കുമെന്ന് സൂചന നൽകി മായാവതി പുറത്താക്കിയ ഒൻപത് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) എം.എൽ.എമാർ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി.
2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ ബി.എസ്.പിക്ക് ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നഷ്ടപ്പെട്ടിരുന്നു. 18 എം.എൽ.എമാർ മാത്രമുള്ള പാർട്ടിയിൽ നിന്ന് നാല് വർഷത്തിനിടെ 11 എം.എൽ.എമാരെ മായാവതി പുറത്താക്കിയിരുന്നു. മുതിർന്ന രണ്ട് എം.എൽ.എമാരെ ഈയിടെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് മായാവതി പുറത്താക്കിയത്.
രാജ്യസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന അസ്വാരസ്യങ്ങൾക്കിടെയാണ് ഏഴുപേരെ പുറത്താക്കിയത്. ഏഴു എം.എൽ.എമാർ മാത്രമാണ് ബി.എസ്.പിക്ക് ഇപ്പോൾ നിയമസഭയിലുള്ളത്.
ഇടഞ്ഞുനിൽക്കുന്ന ബി.എസ്.പി എം.എൽ.എമാരെ കൂടെക്കൂട്ടുന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് അഖിലേഷിന്റെ വിലയിരുത്തൽ.