ദുബായ്: മൂന്ന് ദശാബ്ദത്തിനിടെ ആദ്യമായി ഒരു വർഷം ലാഭമില്ലാതെ ദുബായിലെ എമിറേറ്റ്‌സ് വിമാനക്കമ്പനി. 6 ബില്യൺ ഡോളർ (22.1 ബില്യൺ ദിർഹം) നഷ്ടമാണ് 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എമിറേറ്റ്‌സ് ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ആരംഭിച്ച കഴിഞ്ഞ വർഷം 456 മില്യൺ ഡോളറായിരുന്നു(1.7 ബില്യൺ ദിർഹം) എമിറേറ്റ്‌സിലെ ലാഭം. കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം 9.7 ബില്യൺ ഡോളറായി ചുരുങ്ങി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 66 ശതമാനം കുറവാണിത്. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ബിസിനസ്, യാത്രാ നിയന്ത്രണങ്ങളും മൂലം എമിറേറ്റ്‌സിന്റെ പ്രധാന ബിസിനസ് വിഭാഗങ്ങളിലും വിപണികളിലും ഡിമാൻഡ് തകർച്ച ഉണ്ടായതാണ് ലാഭം ഇടിയാനുള്ള പ്രധാനകാരണമായി കമ്പനി പറഞ്ഞിരിക്കുന്നത്. മനുഷ്യജീവിതങ്ങളിലും സമൂഹത്തിലും സമ്പദ് വ്യവസ്ഥകളിലും വ്യോമയാന, യാത്ര വിപണികളിലും കൊവിഡ്-19 പകർച്ചവ്യാധി സംഹാര താണ്ഡവം തുടരുകയാണെന്ന് എമിറേറ്റ്‌സ് എയർലൈൻ, ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യുട്ടീവുമായ ഷേഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു.