ദോഹ: ലോകകപ്പ് യോഗ്യത ഫുട്ബാൾ പോരാട്ടത്തിൽ അഫ്ഗാനെതിരെ ലീഡ് നേടിയ ശേഷം ഇന്ത്യ സമനില വഴങ്ങി. സമനിലയോടെ ഗ്രൂപ്പ് ഇയിലെ മൂന്നാം സ്ഥാനക്കാരയ ഇന്ത്യ എ.എഫ്.സി ഏഷ്യാകപ്പിന് യോഗ്യത ഉറപ്പിച്ചു. ഗ്രൂപ്പ് ഇയിൽ ഒരു ജയവും നാല് സമനിലയുമായി ഏഴ് പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. അഫ്ഗാൻ ഗോൾകീപ്പർ ഒവെയ്സ് അസീസിയുടെ വലിയ പിഴവിൽ പിറന്ന സെൽഫ് ഗോളിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്.
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 75-ാം മിനിട്ടിൽ മലയാളി താരം ആഷിക്ക് കുരുണിയൻ ബോക്സിലേക്ക് ഉയർത്തി നൽകിയ പാസ് പിടിക്കാൻ ശ്രിമിക്കുന്നതിനിടെ അസീസിയുടെ കൈയിൽ നിന്ന് വഴുതി പന്ത് സ്വന്തം പോസ്റ്റിൽ കയറുകയായിരുന്നു. എന്നാൽ ഏഴ് മിനിട്ടിനകം ഹൊസൈൻ സമാനിയുടെ ലോകോത്തര ഫിനിഷിംഗിലൂടെ അഫ്ഗാൻ സമനില പിടിക്കുകയായിരുന്നു. ഇന്ത്യയെക്കാൾ ഇന്നലെ മികച്ച് നിന്നത് അഫ്ഗാൻ തന്നെയായിരുന്നു. ഇന്ത്യയുടെ പലനീക്കങ്ങളും ഫിനിഷിംഗിലെ പോരായ്മമൂലം ഗോളായില്ല.