കൊല്ലം: കേരളസർവകലാശാല മലയാളവിഭാഗം മുൻവകുപ്പ് മേധാവിയും സാഹിത്യനിരൂപകനുമായ പ്രൊഫ. (ഡോ.) ജി. പദ്മറാവു(62) അന്തരിച്ചു.2020 ജൂൺ 9ന് കാര്യവട്ടം ക്യാമ്പസ്സിൽ നിന്ന് സഹപ്രവർത്തകന്റെ ഒപ്പം തിരുവവനന്തപുറത്തേക്ക് ബൈക്കിൽ യാത്രചെയ്യവേ പങ്ങപ്പാറയിൽ വച്ച്, റോഡിലേക്ക് വളർന്നു നിന്ന മരക്കൊമ്പ് ഒടിഞ്ഞു വീണുണ്ടായ അപകടത്തെ ത്തുടർന്ന് അബോധാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. വിവിധ എസ്. എൻ. കോളേജുകൾ, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലും അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരളസർവകലാശാലയിൽ ഫാക്കറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ് ഡീൻ, ലെക്സിക്കൻ ചീഫ് എഡിറ്റർ, യു. ജി. സി. ഹ്യൂമൻ റിസോഴ്സ് സെന്റർ ഡയറക്ടർ, അന്തർദേശീയ ശ്രീനാരായണപഠനഗവേഷണകേന്ദ്രം ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. മഹാത്മാഗാന്ധിസർവകലാശാല, ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം ആയിരുന്നു. താരതമ്യസാഹിത്യപഠന മേഖലയിൽ മലയാളത്തിൽ ഉണ്ടായ ആദ്യപുസ്‌തകം പി. ഒ. പുരുഷോത്തമനുമായി ചേർന്ന് 1985 ൽ പ്രസിദ്ധീകരിച്ചു.
75 ലേറെ ലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. മാദ്ധ്യമ മലയാളത്തെപ്പറ്റി മൂന്നുവർഷത്തോളം ഭാഷാപോഷിണി മാസികയിൽ പംക്തി കൈകാര്യം ചെയ്തു. 2016 ലെ സി. എൽ. ആന്റണി പുരസ്‌കാരം ലഭിച്ചു.1959 ൽ കൊല്ലം ജില്ലയിലെ മൺട്രോത്തുരുത്തിൽ ജനനം. അച്ഛൻ കെ. ഗംഗാധരൻ . അമ്മ എൻ. പ്രിയംവദ. സംസ്‌കൃതസർവകലാശാല പന്മന കേന്ദ്രം ഡയറക്ടർ ഡോ. എ. ഷീലാകുമാരി ആണ് ഭാര്യ. അഗ്നിവേശ് റാവു (ടാറ്റ സ്റ്റീൽസ് , ചെന്നൈ ), ആഗ്നേയ് റാവു (ക്യാനറ ബാങ്ക്, മൈനാഗപ്പള്ളി )എന്നിവർ മക്കൾ. മരുമകൾ സ്നിഗ്ദ്ധ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30 നു പേഴുംതുരുത്ത് കുടുംബവീട്ടു വളപ്പിൽ.