ലിസ്ബൺ: യൂറോ കപ്പിൽ ഹംഗറിക്കെതിരെ പോർച്ചുഗലിന് തകർപ്പൻ ജയം. മൂന്നു ഗോളുകൾക്കാണ് മരണഗ്രൂപ്പിലെ താരതന്യേന ചെറിയ ടീമായ ഹംഗറിയെ റെണാൾഡോയും കൂട്ടരും തറപറ്റിച്ചത്. പോർച്ചുഗലിനു വേണ്ടി റാഫേൽ ഗുറൈറ ഒരു ഗോളും റൊണാൾഡോ രണ്ടു ഗോളുകളും നേടി. ഇതോടെ യൂറോപ്പിലെ ഗ്ലാമർ കിരീടം നിലനിർത്താനുളള മോഹത്തോട് പോർച്ചുഗൽ ഒരു പടികൂടി അടുത്തു.
84ാം മിനിറ്റിൽ ഗുറൈറയായിരുന്നു പോർച്ചുഗലിനു വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നാലെ 86ാം മിനിറ്റിൽ റാഫ സിൽവയെ വീഴ്ത്തിയ പെനാൽറ്റി ക്രിസ്റ്റിയാനോ ലക്ഷ്യത്തിലെത്തിച്ചു. അധിക സമയത്തിന്റെ രണ്ടാം മിനിറ്റിൽ ഗോൾകീപ്പറെയും ഡ്രിബിൾ ചെയ്തു കയറിയ റോണോ മൂന്നാം ഗോളും സ്വന്തമാക്കിയതോടെ ഹംഗറിയുടെ വീഴ്ച പൂർത്തിയായി.