ന്യൂഡൽഹി: ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ. പുതിയ ഐ.ടി ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമനമെന്നും ഉദ്യോഗസ്ഥന്റെ വിവരങ്ങൾ ഉടനെ മന്ത്രാലയവുമായി പങ്കുവയ്ക്കുമെന്നും ട്വിറ്റർ അറിയിച്ചു. ഐ.ടി ഇന്റർമീഡിയറി ചട്ടം വേഗം നടപ്പാക്കണമെന്ന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി.
ഐ.ടി ചട്ടം പ്രാബല്യത്തിൽ വന്നതോടെ ട്വിറ്റർ ഒഴികെയുള്ള സോഷ്യൽ മീഡിയ കമ്പനികളെല്ലാം പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാൽ പുതിയ ഐ.ടി ചട്ടം ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കും എന്നാരോപിച്ച ട്വിറ്റർ ഉത്തരവ് നടപ്പാക്കാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് കേന്ദ്ര സർക്കാർ നടപടി കടുപ്പിച്ചത്.
പുതിയ ഡിജിറ്റൽ നിയമങ്ങൾ നടപ്പാക്കാനുളള അവസാന തീയതി മേയ് 25ന് ആയിരുന്നു. എന്നാൽ ഐ.ടി നിയമങ്ങൾ നടപ്പാക്കാൻ കാലതാമസം വന്നതോടെ കേന്ദ്രം കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുകയായിരുന്നു. പങ്കുവയ്ക്കപ്പെടുന്ന ഉള്ളടക്കത്തിൻമേൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ് പുതിയ നിയമം.