traffic

ന്യൂഡൽഹി:വർദ്ധിച്ചു വരുന്ന വായുമലിനീകരണത്തിൽ വീർപ്പു മുട്ടുകയാണ് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി. വളരെ പഴക്കം ചെന്ന വാഹനങ്ങൾ ധാരാളമുള്ള ഡൽഹിയിൽ, അവ ഒഴിവാക്കാൻ അധികൃതർ‌ ധാരാളം മാർഗങ്ങൾ ശ്രമിച്ചിരുന്നു. ഒറ്റ ഇരട്ട അക്കങ്ങൾ ഉള്ള വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലിറക്കുക മുതലായ പല പദ്ധതികളും അധികൃതർ പ്രയോഗിച്ചിരുന്നു. എന്നാൽ അതൊന്നും കാര്യമായി പ്രയോജനപ്പെടാതെ വന്നപ്പോൾ അറ്റകൈ പ്രയോഗവുമായി വന്നിരിക്കുകയാണ് ഡൽഹി അധികൃതർ. 10 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന പെട്രോൾ വാഹനങ്ങളും കൈവശം ഉള്ളവർ തങ്ങളുടെ വാഹനങ്ങൾ എത്രയും വേഗം ഒഴിവാക്കുവാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃത‌ർ. അല്ലാത്തപക്ഷം 10000 രൂപ വരെ പിഴ ഒടുക്കേണ്ടതായി വരും.

ഇത് സംബന്ധിച്ച അറിയിപ്പ് ട്രാൻസ്പോർട്ട് അധികൃതർ നൽകികഴിഞ്ഞു. പഴയ വാഹനങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി പ്രത്യേക കാംപെയ്നുകൾ ഒന്നും നടത്താൻ അധികൃതർക്ക് ഉദ്ദേശമില്ലെങ്കിലും എത്രയും വേഗം പഴയ വാഹനങ്ങൾ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അവർ അഭ്യ‌ർത്ഥിച്ചു.

കണക്കനുസരിച്ച 75 ലക്ഷത്തോളം വാഹനങ്ങൾ ഡൽഹിയുടെ നിരത്തുകളിൽ ഓടുന്നുണ്ട്. അതിൽ തന്നെ 35 ലക്ഷത്തോളം വാഹനങ്ങൾ 15 വർഷം കഴിഞ്ഞവയാണ്. 2018ൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ അവസ്ഥ കണക്കിലെടുത്ത് സുപ്രീം കോടതി പഴയ വാഹനങ്ങൾ എല്ലാം ഡൽഹിയിൽ നിരോധിച്ചിരുന്നു. ഇതിനെതുടർന്ന് അഞ്ച് ഏജൻസികൾക്ക് വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ലൈസൻസ് സർക്കാർ നൽകി. എന്നാൽ ഇതുവരെ മൂവായിരത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഡൽഹിയിൽ ഈ ഏജൻസികൾ വഴി പൊളിച്ചിട്ടുള്ളത്.