magnetic-power

ബംഗളൂരു: കൊവിഡ് വാ‌ക്‌സിൻ സ്വീകരിച്ചതിന് ശേഷം ശരീരത്തിൽ കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായി ബം​ഗളൂരുവിൽ നിന്നുളള യുവതി. ജ്യോതിയെന്ന യുവതിയാണ് വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നരമാസം മുമ്പ് ഏപ്രിൽ 26നാണ് ജ്യോതി കൊ‌വാ‌ക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ എടുത്തവരിൽ കാന്തിക ശക്തി എന്ന റിപ്പോർട്ടുകൾ പത്രത്തിൽ വായിച്ചതിന് ശേഷം അടുക്കളയിൽ എത്തി ഫോർക്ക് കൈയിൽ വച്ചപ്പോൾ അത് താഴെ വീഴാതെ ഇരുന്നുവെന്നാണ് ജ്യോതി പറയുന്നത്.

മം​ഗളൂരുവിൽ നിന്നുളള ഒരു യുവതിയും കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായെത്തി. അതേസമയം, ശരീരത്തിന്‍റെ കാന്തികശക്തിയും കൊവിഡ് വാക്‌സിൻ സ്വീകരിച്ചതും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഉഡുപ്പി ജില്ലാ ആരോഗ്യ ഓഫീസർ ഡോ നാഗഭൂഷൺ ഉഡുപ്പ അറിയിച്ചു. കളക്‌ടർ ജി ജഗദീഷയും ഇക്കാര്യം വ്യക്തമാക്കി.

രാഘവേന്ദ്രയെന്ന വ്യക്തി വാക്‌സിൻ എടുത്തതിന് ശേഷം തന്‍റെ ശരീരത്തിൽ നാണയങ്ങൾ, സ്‌പൂൺ എന്നിവയുൾപ്പെടെ പല ലോഹവസ്‌തുക്കളും ഒട്ടിപ്പിടിക്കുന്നതായി പറഞ്ഞ് നേരത്തെ രംഗത്തെത്തിയിരുന്നു. തന്‍റെ വാദം തെളിയിക്കാനായി ഇയാൾ ദേഹത്ത് ലോഹവസ്‌തുക്കൾ ഒട്ടിപ്പിടിക്കുന്ന വീഡിയോ സാമൂഹികമാദ്ധ്യമങ്ങളിലുടെ പുറത്തുവിട്ടിരുന്നു. മാദ്ധ്യമപ്രവർത്തകർക്ക് മുന്നിലും അദ്ദേഹം ഇത് പ്രദർശിപ്പിച്ചു.