covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 62,224 പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,96,33,105 ആയി ഉയർന്നു. തുടർച്ചയായ ഒൻപതാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാകുന്നത്.

ജൂൺ 15ന് 60,461 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 29 ന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന നിരക്കാണിത്. നിലവിൽ 8,65,432 പേർ മാത്രമേ ചികിത്സയിലുള്ളുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ 2542 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 3,79,573 ആയി ഉയർന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1,07,628 പേർ രോഗമുക്തി നേടി. 95.80 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.