rat

കൊച്ചി: മൂന്ന് കുപ്പി മദ്യം. ടച്ചിംഗ്സിന് മിസ്ച്ചർ. എല്ലാം ഒരു പെട്ടിയിലാക്കി അതീവരഹസ്യമായി ബംഗളൂരുവിൽ നിന്ന് തപാൽ മാർഗം എറണാകുളത്തെ സുഹൃത്തിന് പാർസലയച്ച മലയാളിക്ക് എലി കൊടുത്തത് എട്ടിന്റെ പണി. മദ്യം ഒളിപ്പിച്ച പെട്ടിയുടെ ഒരുഭാഗം എലി തുരന്ന് വച്ചതാണ് 'മദ്യക്കടത്ത്' ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവത്തിൽ ബംഗളൂരു മലയാളിയേയും എറണാകുളത്തെ സുഹൃത്തിനേയും എക്‌സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പെട്ടിയിൽ മദ്യം കണ്ടെത്തിയതോടെ ജീവനക്കാർ വിവരം എക്‌സൈസിനെ അറിയിക്കുകയായിരുന്നു.

എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാറിന്റെ നിർദേശപ്രകാരം സ്ഥലത്ത് എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിൽ എത്തിയ എറണാകുളം അസി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ആർ രാം പ്രസാദിന് പിന്നീടുള്ള കാര്യങ്ങൾ എളുപ്പമായിരുന്നു. പാസർലിൽ പേരും ഫോൺനമ്പറുമടക്കം വ്യക്തമായി എഴുയാണ് സുഹൃത്തിനായി മദ്യം കയറ്റിവിട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളത്തുകാരനെ എക്‌സൈസ് ചോദ്യം ചെയ്യും. വിവരം ഉറപ്പാക്കിയ ശേഷമായിരിക്കും അറസ്റ്റ്. പ്രിവന്റീവ് ഓഫീസർ ജയലാൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഫ്രെഡി ഫെർണാണ്ടസ്, രഞ്ചിത്ത്, വിമൽ,ജിതിൻ ജയഘോഷ് എന്നിവരുണ്ടായിരുന്നു.