ആലത്തൂർ: തനിക്കെതിരെ സി പി എം പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണം അതിരുവിടുന്നെന്ന് രമ്യ ഹരിദാസ് എം പി. അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പാർട്ടിയുടെ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും രമ്യ ഹരിദാസ് കുറ്റപ്പെടുത്തി.
താനൊരു പാട്ടുപാടിയാൽ തെറ്റ്. അപ്പോൾ നിയമസഭയിൽ ദലീമ പാട്ട് പാടിയതോയെന്ന് രമ്യ ഹരിദാസ് ചോദിക്കുന്നു. ദലീമയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അവർ പാട്ടുപാടിയതിൽ തെറ്റുമില്ല. എന്നാൽ എന്തുകൊണ്ട് തനിക്ക് പാടിക്കൂടാ? ദലീമയ്ക്കും രമ്യ ഹരിദാസിനും പാടാനുള്ള സാഹചര്യമിവിടെ ഉണ്ടാകണമെന്നും, പാട്ട് പാടുന്നത് തന്റെ സ്വാതന്ത്രമാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എം പി പറഞ്ഞു.
തന്നെ അധിക്ഷേപിക്കുന്നവരോട് അസഹിഷ്ണുത ആരോടും പാടില്ലെന്ന് മാത്രമാണ് പറയാനുള്ളതെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനുമുൾപ്പടെ കോൺഗ്രസിൽ നിന്നും തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.