india-covid

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന രോഗനിരക്ക് കഴിഞ്ഞ പത്ത് ദിവസവും ഒരു ലക്ഷത്തിൽ താഴെയാണ്. അഞ്ചോളം സംസ്ഥാനങ്ങളിലൊഴികെ മിക്കയിടങ്ങളിലും പ്രതിദിന കൊവിഡ് കണക്ക് 10,000ൽ താഴേക്ക് പോയത് ആശ്വാസമായി. ഏപ്രിൽ മാസത്തോടെ ശക്തിപ്രാപിച്ച കൊവി‌ഡിന്റെ രണ്ടാം തരംഗം രണ്ട് മാസത്തിന് ശേഷം ശക്തി കുറയുന്നതായാണ് കാണുന്നത്.

രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ 95.8 ശതമാനം പേരും ഇന്ന് രോഗമുക്തി നേടി. 28.19 കോടി ജനങ്ങൾക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകുന്നതിന് സാധിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിന് താഴെയെത്തി. 4.17 ശതമാനമാണ് നിരക്ക്. പ്രതിദിന കൊവിഡ് കണക്കിന്റെ ഏതാണ്ട് ഇരട്ടിയോളം കൊവിഡ് മുക്ത‌ിനിരക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന കണക്ക്. കഴിഞ്ഞ 70 ദിവസത്തിനിടെ ചികിത്സയിലുള‌ളവരുടെ എണ്ണം ഒൻപത് ലക്ഷത്തിൽ താഴെയാണ്.

രോഗത്തിന്റെ തീവ്രത കുറഞ്ഞതോടെ മിക്ക സംസ്ഥാനങ്ങളും ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുകയോ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയോ ചെയ്‌തിരിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ 38 ദിവസമായി തുടരുന്ന ലോക്ഡൗൺ ഇന്ന് അവസാനിക്കുകയാണ്. നാളെ മുതൽ തദ്ദേശ സ്ഥാപനങ്ങളെ ടെസ്‌റ്റ് പോസി‌റ്റിവി‌റ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തിരിച്ചാകും നിയന്ത്രണങ്ങൾ. എട്ട് ശതമാനത്തിൽ താഴെ ടിപിആർ ഉള‌ളയിടങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവുണ്ടാകും.എട്ടിനും 30നുമിടയിലുള‌ളയിടങ്ങളിൽ ചെറിയ തോതിൽ നിയന്ത്രണമുണ്ടാകും.

20 ശതമാനത്തിന് മുകളിൽ ഉള‌ളയിടങ്ങളിൽ ലോക്ഡൗണും 30 ശതമാനത്തിലേറെയുള‌ളയിടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണുമാണ് ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ മേഖലകളും പൂ‌ർണമായും തുറക്കില്ലെന്നും നിയന്ത്രണങ്ങളോടെയാകും വിവിധ മേഖലകൾ പ്രവർത്തിക്കുകയെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലും ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പടെ 27 ജില്ലകളിൽ ലോക്ഡൗൺ നിയന്ത്രണം ടിപിആർ കുറഞ്ഞതിനെ തുടർന്ന് ലഘൂകരിച്ചു. എന്നാൽ ആകെ രോഗനിരക്കിൽ കുറവ് വരാനുള‌ളതിനാൽ ലോക്ഡൗൺ ജൂൺ 21 വരെ ഇവിടെ നീട്ടിയതായി മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ അറിയിച്ചു.

കർണാടകയിലും ജൂൺ 21 വരെയാണ് ലോക്ഡൗൺ. ഇവിടെ അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി ലോക്ഡൗൺ ഇളവുകൾ വരുത്തുമെന്നാണ് മുഖ്യമന്ത്രി യദ്യുരപ്പ അറിയിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിൽ രാത്രി ഏഴ് മുതൽ പുലർച്ചെ ഏഴ് വരെ ഏർപ്പെടുത്തിയിരുന്ന രാത്രികാല യാത്രാനിരോധനം ജൂൺ 21 മുതൽ രാത്രി ഒൻപത് മുതൽ പുലർച്ചെ ഏഴ് വരെയാക്കി. രാജസ്ഥാനിൽ ഹോട്ടലുകൾ 50 ശതമാനം ജോലിക്കാരോടെ പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കാം. സംസ്ഥാനത്ത് വാരാന്ത്യ കർഫ്യു ഉണ്ടാകും. അസാമിലും ജൂൺ 22 വരെ ലോക്ഡൗൺ നീട്ടിയെങ്കിലും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാംഘട്ട വ്യാപനം തുടക്കത്തിൽ ശക്തമായിരുന്ന പഞ്ചാബിൽ സിനിമാ തീയേ‌റ്ററുകളും ജിമ്മുകളും ഹോട്ടലുകളും 50 ശതമാനം ആളുകളെ ഉപയോഗിച്ച് പ്രവർത്തിക്കാം.

ഇതിനിടെ രാജ്യത്ത് കൊവിഡ് വാക്‌സിൻ അലർജി മൂലം ഒരാൾ മരിച്ചതായി കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തി. 31 പേരുടെ മരണത്തിൽ 68 വയസുകാരനായ ഒരാളാണ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്നുള‌ള ബുദ്ധിമുട്ടുകാരണം മരണമടഞ്ഞത്. ജൂലായ് മാസം മുതൽ പ്രതിദിനം ഒരുകോടി ഡോസ് വാക്‌സിനുകൾ നൽകാനുള‌ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ. നിലവിൽ നൽകുന്ന കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്‌ക്ക് പുറമേ സ്‌പുട്നിക് വാക്‌സിനും ഇന്ത്യയിൽ പരീക്ഷണം നടക്കുന്ന മറ്റ് വാക്‌സിനുകളും അപ്പോഴേക്കും വിതരണത്തിന് തയ്യാറാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷ.