ന്യൂഡൽഹി: ഇന്ത്യയിൽ സാമൂഹിക മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള പുതിയ നിയമം അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കാത്തതിനെ തുടന്ന് സാമൂഹികമാദ്ധ്യമ ഭീമനായ ട്വിറ്ററിന് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടമായി. ഇതിനെ തുടർന്ന് സാമൂഹിക സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള ട്വീറ്റുകൾ പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിന് എതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു.
മേയ് 25ന് നിലവിൽ വന്ന പുതിയ നിയമം പാലിക്കാൻ ട്വിറ്റർ ഇതു വരെയായും തയാറായിട്ടില്ല.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സൂഫി അബ്ദുൾ സയിദ് എന്ന ഒരു മുസ്ലീം വൃദ്ധൻ ആക്രമണത്തിന് വിധേയനായ ഒരു ട്വീറ്റ് മാറ്റാൻ ട്വിറ്റർ തയാറായില്ല എന്ന കാരണത്താലാണ് രാജ്യത്ത് ആദ്യമായി ട്വിറ്ററിന് എതിരെ ഒരു കേസ് രജിസ്റ്റർ ചെയപ്പെട്ടത്. ഒരു കൂട്ടം അക്രമികൾ തന്നെ രാത്രി തടഞ്ഞു നിറുത്തുകയും താടി വടിച്ച ശേഷം 'ജയ് ശ്രീറാം' എന്നും 'വന്ദേ മാതരം' എന്നും ഉറക്കേ പറയാൻ അക്രമികൾ തന്നോട് ആവശ്യപ്പെടുകയും ചെയുകയായിരുന്നു എന്ന് സയിദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിരവധി അറിയിപ്പുകൾ കൊടുത്തിട്ടും ട്വിറ്റർ ഈ പോസ്റ്റ് നീക്കാൻ തയാറായില്ലെന്ന് അധികൃതർ പറഞ്ഞു.