coconut-tree

കാസർകോട്: കേരംതിങ്ങും കേരളനാട്ടിൽ 'കേരശ്രീ'യാണ് ഇപ്പോൾ താരം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ഭുതപ്പെടുത്തിയ തെങ്ങിന്റെ ഉദ്ഭവം കാസർകോട്ടാണ്. പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം 30 കൊല്ലം മുമ്പ് വികസിപ്പിച്ചെടുത്ത സങ്കരയിനമാണ് അഞ്ചു വർഷം കൊണ്ട് 18 കുലകളുമായി നിൽക്കുന്ന കേരശ്രീ.

ഗവേഷണ കേന്ദ്രത്തിന്റെ 100ാം വാർഷികത്തിന്റെ ഭാഗമായാണ് 2016 ൽ സെക്രട്ടേറിയറ്റ് വളപ്പിൽ മൂന്നു തൈകൾ പിണറായി വിജയൻ നട്ടത്. പൊക്കംകുറഞ്ഞ സങ്കരയിനം തെങ്ങുകൾ നടാനുള്ള കൃഷിക്കാരുടെ താത്പര്യം കണക്കിലെടുത്ത് പിലിക്കോട് ഗവേഷണ കേന്ദ്രം 1991ൽ വികസിപ്പിച്ചെടുത്ത ആറ് സങ്കരയിനങ്ങളിൽ ഒന്നാണ് കേരശ്രീ. പശ്ചിമതീര നെടിയ ഇനം മാതൃവൃക്ഷവും മലയൻ യെല്ലോ ഡാർഫ് എന്ന കുറിയ ഇനവും കോസ് ചെയ്താണ് കേരശ്രീ വികസിപ്പിച്ചെടുത്തത്. ടി ഃ ഡി എന്ന വിഭാഗത്തിലാണ് അറിയപ്പെടുന്നത്.

ഹൈബ്രീഡ് കുള്ളൻ

കാറ്റുവീഴ്ചയില്ലാത്ത പ്രദേശങ്ങളിലേക്കായി വികസിപ്പിച്ചെടുത്തതാണ് കേരശ്രീ ഹൈബ്രീഡ് കുള്ളൻ തെങ്ങ്. പരമാവധി അഞ്ചര അടി ഉയരം. മലനാട്, ഇടനാട്, തീരപ്രദേശങ്ങൾക്ക് ഒരുപോലെ യോജിച്ച ഇനം. ആറ് വർഷത്തിനുള്ളിൽ ആദ്യ വിളവെടുപ്പ്. ഒരു വർഷത്തിൽ ശരാശരി 140 നാളികേരം കിട്ടും. ഒരു തേങ്ങയിൽ നിന്ന് 66 ശതമാനം എണ്ണകിട്ടുന്ന 206 ഗ്രാം കൊപ്ര ലഭിക്കും.

തൈകൾ കിട്ടാൻ

വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തതാണ് കേരശ്രീ. പിലിക്കോട് കേന്ദ്രത്തിൽ നിന്ന് തൈകൾ നേരിട്ട് ലഭിക്കില്ല. 250 രൂപ നിരക്കിൽ കൃഷിവകുപ്പ് വാങ്ങുന്ന തൈകൾ കൃഷിഭവൻ മുഖേന സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭിക്കും. ഇത്തവണ കൊവിഡ് കാരണം തൈകൾ ശേഖരിച്ചിട്ടില്ല.

പ്രൊഫ. ടി. വനജ,
അസോസിയേറ്റ് ഡയറക്ടർ,

പിലിക്കോട് ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രം