time-managemnet

ഇരുപത്തിനാല് മണിക്കൂറുണ്ടെങ്കിലും ഒന്നിനും സമയം തികയുന്നില്ലെന്ന പരാതിക്കാരാണ് ഏറെപ്പേരും. ജോലിയും വീടും കുടുംബവും ഒക്കെയായി പലർക്കും തിരക്കുകളാണ്. അതിനിടയിൽ സ്വന്തം കാര്യം നോക്കാൻ പലർക്കും സമയം കിട്ടണമെന്നില്ല. എന്നാൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ഈ പ്രശ്നങ്ങൾ മാനേജ് ചെയ്യാവുന്നതേയുള്ളൂ.

പ്ലാനിംഗ് വേണം
ഓരോ ദിവസും രാവിലെ ഒരു പേപ്പറിൽ അതത് ദിവസം ചെയ്യേണ്ട കാര്യങ്ങൾ എഴുതി സൂക്ഷിക്കുക. കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യുന്നതിനും അതോടൊപ്പം അന്നന്ന് ചെയ്യേണ്ട കാര്യങ്ങൾ മറക്കാതിരിക്കാനും ഈ രീതി സഹായിക്കും. അതുപോലെ, ഒരു ദിവസം എത്ര സമയം നമ്മൾ പാഴാക്കി എന്നും മനസിലാക്കാം. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിനു വേണ്ടി സമയം മാറ്റിവയ്‌ക്കുക. കുട്ടികൾക്കും വീട്ടിലെ മറ്റംഗങ്ങൾക്കുമൊപ്പം അല്പ സമയം ചിലവഴിക്കാൻ മറക്കരുത്. കുടുംബത്തിനനുവദിച്ച സമയത്തിനിടയിൽ ഓഫീസ് കാര്യങ്ങൾ ചെയ്യാൻ നിൽക്കണ്ട. പ്രത്യേകിച്ചും വീട്ടിലെത്തി കഴിഞ്ഞാൽ വൈകുന്നേരങ്ങൾ കുടുംബത്തിന് വേണ്ടി മാറ്റി വയ്ക്കണം.
മടി മാറ്റാതെ വഴിയില്ല
മടി കാരണം ചെയ്യേണ്ട കാര്യങ്ങൾ മാറ്റി വയ്ക്കുന്നവരാണ് നമുക്കിടയിൽ കൂടുതൽ പേരും. അത് സമയം കൊല്ലിയാണെന്ന കാര്യം ആദ്യമോർക്കണം. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എപ്പോഴാണെങ്കിലും നമ്മൾ തന്നെ ചെയ്‌തേ പറ്റൂവെന്ന കാര്യം മനസിൽ ഓർക്കുക. എത്രയും നേരത്തേ ചെയ്യാൻ തുടങ്ങിയാൽ അതു തീർക്കാൻ കൂടുതൽ സമയം കിട്ടും. ഓരോരുത്തർക്കും ജോലി ചെയ്യാൻ ഏറ്റവും താൽപ്പര്യമുള്ള സമയമുണ്ടാവും. ആ സമയത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുക. അതു ചെയ്തു ക്ഷീണിക്കുമ്പോഴേക്കും നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യാൻ തുടങ്ങാം. അപ്പോൾ രണ്ടു ജോലികളും നടക്കും. ക്ഷീണിച്ചിരിക്കുന്ന സമയത്ത് ഒരിക്കലും വലിയ ജോലികൾ ചെയ്യാൻ നിൽക്കരുത്. വീട്ടിലും ഓഫീസിലും എപ്പോഴും നിങ്ങളുടെ ശ്രദ്ധ പോകുന്ന ഭാഗത്ത് ഒരു ക്ലോക്ക് വയ്ക്കണം. സമയം കാണുമ്പോൾ ചെയ്യേണ്ട കാര്യങ്ങളും ഓർമ്മ വരും. മാത്രവുമല്ല,​ ഒരു ദിവസം എത്ര പെട്ടെന്ന് പോകുന്നുവെന്നും മനസിലാക്കാം. വലിയൊരു കാര്യം ചെയ്യേണ്ടി വരുമ്പോൾ അതിനെ നീട്ടി നീട്ടി കൊണ്ടു പോകുക സ്വാഭാവികമാണ്. വലിയ കാര്യങ്ങളെ ചെറിയ ഭാഗങ്ങളായി തരംതിരിച്ച് ചെയ്താൽ ജോലി തീരുന്നതു അറിയില്ല. മടിയും മാറി കിട്ടും.

സമയകൃത്യത പാലിക്കണം
ഒരേ സമയം പല ജോലികൾ ചെയ്യുന്നത് സമയലാഭമുണ്ടാക്കുമെന്നാണു പൊതുവെയുള്ള ധാരണ. പക്ഷേ, അതു നമ്മൾ ചെയ്യുന്ന ജോലിയുടെ പ്രാധാന്യം കണക്കിലെടുത്തിരിക്കും. വളരെ പ്രധാനപ്പെട്ട ഒരു ജോലി ചെയ്യുന്നതിനിടയിൽ വേറെ എന്തെങ്കിലും ജോലി കൂടി ചെയ്യാൻ ശ്രമിച്ചാൽ ശ്രദ്ധ നഷ്‌ടപ്പെടാനും തെറ്റുകൾ കൂടാനും സാദ്ധ്യതയുണ്ട്. ഇരട്ടി ജോലിയുണ്ടാക്കി വയ്‌ക്കുകയാവും ചുരുക്കത്തിൽ ചെയ്യുന്നത്. ഒരു ദിവസം കൂടുതൽ സമയം യാത്രയ്‌ക്ക് വേണ്ടി മാറ്റി വയ്ക്കേണ്ടി വരുന്നവരാണെങ്കിൽ ആ സമയം ഫലപ്രദമായ മറ്റു കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കാം. ഇ-മെയിൽ അയയ്‌ക്കാനുള്ളതും വായിക്കാനുള്ളതും സിനിമ കാണുന്നതുമൊക്കെ ഈ സമയങ്ങളിലായിക്കോട്ടെ. എവിടെ പോകുന്നുണ്ടെങ്കിലും സമയകൃത്യത പാലിക്കുക. ചെയ്യേണ്ട കാര്യങ്ങൾ നിശ്ചയിച്ച സമയത്തിനുള്ളിൽ തീർത്തിരിക്കുമെന്ന് മനസിൽ ഉറപ്പിക്കുക.