കൊവിഡ് വ്യാപനം ആരംഭിച്ചതോടെ പലരുടെയും ജോലി പോയി. അതിൽ എടുത്തുപറയേണ്ടവരാണ് സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്നവർ. തീയേറ്ററുകൾ അടയ്ക്കുകയും, ഷൂട്ടിംഗുകൾ നിർത്തിവയ്ക്കുകയും ചെയ്തതോടെ പലരും പട്ടിണിയിലായി.
നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ പിൻവലിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. എന്നാൽ സിനിമാ ചിത്രീകരണങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല. ഇപ്പോഴിതാ സിനിമാ പ്രവർത്തകരെ എന്തുകൊണ്ട് ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ചോദിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ.
'എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിംഗ് അനുവദിക്കാത്തത്? പാലും,ഭക്ഷണവുമൊക്കെ വിൽക്കുന്നവരെ ജോലി ചെയ്യാൻ അനുവദിക്കുന്നു. എന്തുകൊണ്ട് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല?
ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് വാങ്ങിക്കും? എങ്ങനെ കുട്ടികളെ പഠിപ്പിക്കും? കുട്ടികൾക്കായി എങ്ങനെ ഒരു പെൻസിൽ ബോക്‌സ് വാങ്ങും? എങ്ങനെയാണ് ഞങ്ങൾ പണം സമ്പാദിക്കുക?' തിയേറ്ററുകളിലെപോലെ ഷൂട്ടിംഗ് നടക്കില്ല. ക്ലോസ്അപ് ഷോട്ടോ, വൈഡ് ഷോട്ടോ എടുക്കണമെങ്കിൽ പോലും രണ്ട് മീറ്റർ മാറിനിൽക്കണം. പിന്നെ എന്തുലോജിക് ആണ് നിങ്ങൾ ഇവിടെ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയൂ.'-അദ്ദേഹം കുറിച്ചു.