novak

ബോറിസ് ബെക്കർക്കും ആന്ദ്രേ അഗാസിക്കും പീറ്റ് സാംപ്രസിനുമാെക്കെ പിന്നാലെ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുരുഷ ടെന്നീസ് ലോകം അടക്കിവാഴാനായി ഉദയം ചെയ്ത പ്രതിഭാദ്വന്ദ്വങ്ങളായിരുന്നു റോജർ ഫെഡററും റാഫേൽ നദാലും. എത്രയോ വർഷങ്ങൾ ഇരുവരെയും കേന്ദ്രീകരിച്ച് ചുറ്റിപ്പടർന്നുവളർന്നു. കളിയഴകിന്റെ മാന്ത്രികതയുമായി റോജർ ഫെഡററും കരുത്തിന്റെ ഹുങ്കാരങ്ങളുമായി നദാലും അടക്കിവാണ ഇടത്തേക്കാണ് നൊവാക്ക് ജോക്കോവിച്ചെന്ന ആറടി രണ്ടിഞ്ചുകാരൻ കയറിവന്നത്.

മഹാമേരുക്കളുടെ കൊമ്പുകോർക്കലുകൾക്ക് ഇടയിലൂടെ തന്റേതായ സ്ഥാനമുണ്ടാക്കുകയെന്നതായിരുന്നു ജോക്കർ എന്ന വിളിപ്പേരിലറിയപ്പെട്ട ആ സെർബിയക്കാരന്റെ വെല്ലുവിളി. വിംബിൾഡണിലും ആസ്ട്രേലിയൻ ഓപ്പണിലും യു.എസ്.ഓപ്പണിലും ഫെഡറർ വീറുകാട്ടിയപ്പോൾ ഫ്രഞ്ച് ഓപ്പണിലെ മുടിചൂടാമന്നനായി നദാൽ.ഇവർക്ക് കിട്ടാതെപോയ ഗ്രാൻസ്ളാമുകൾ വെട്ടിപ്പി‌ക്കുകയായിരുന്നു തുടക്കകാലത്ത് നൊവാക്കിന്റെ റോൾ. തുടർച്ചയായി 11 ഗ്രാൻസ്ളാം ടൂർണമെന്റുകളിൽ ഫെഡറർ അല്ലെങ്കിൽ നദാൽ കിരീടമുയർത്തിയപ്പോഴാണ് 2008ലെ ആസ്ട്രേലിയൻ ഓപ്പണിലൂടെ ആ തുടർച്ചയ്ക്കൊരു ഇടർച്ചയുണ്ടാക്കി നദാലിന്റെ കിരീടവരവ് ആരംഭിച്ചത്.കോർട്ടുകളിലൂടെ കാലം കടന്നൊഴുകുമ്പോൾ റോജർ ഫെഡറർക്കും റാഫേൽ നദാലിനും ഒപ്പം ചേർത്തുവയ്ക്കാൻ കഴിയുന്ന പേരായി നൊവാക്ക് ജോക്കോവിച്ച് മാറിയിരിക്കുന്നു.ഗ്രാൻസ്ളാം കിരീടങ്ങളുടെ എണ്ണത്തിൽ ഫെഡറർക്കും റാഫയ്ക്കും തൊട്ടുപിന്നിലാണ് ഇന്ന് നൊവാക്കിന്റെ സ്ഥാനം.20 കിരീടങ്ങൾ വീതം ഫെഡറർക്കും റാഫയ്ക്കും. നൊവാക്കിന് 19.

കഴിഞ്ഞ ദിവസം റൊളാംഗ് ഗാരോസിൽ ഗ്രീക്ക് താരം സിസ്റ്റിപ്പാസിനെ അഞ്ചുസെറ്റ് പോരാട്ടത്തിൽ കീഴടക്കിയാണ് നൊവാക്ക് തന്റെ 19-ാം ഗ്രാൻസ്ളാം കിരീടം നേടിയത്. നൊവാക്കിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഫ്രഞ്ച് ഓപ്പൺ കിരീടമായിരുന്നു ഇത്. 2016ലായിരുന്നു ആദ്യത്തേത്. പുതിയ നൂറ്റാണ്ടിൽ സാക്ഷാൽ നദാൽ അല്ലാതെ രണ്ട് തവണ ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ താരമാണ് നൊവാക്ക്. റൊളാംഗ് ഗാരോസിൽ റാഫയെ രണ്ട് തവണ തോൽപ്പിച്ച ഏകയാൾ എന്ന ബഹുമതിയും ഈ സെർബിയക്കാരന്റെ തോളത്തെ നക്ഷത്രംപോലെ തിളങ്ങുന്നു. ഇത്തവണ ഫൈനലിനേക്കാൾ വലിയ വിജയം നൊവാക്ക് സെമിയിലാണ് നേടിയത്, റാഫയ്ക്ക് എതിരെ. കരിയറിൽ രണ്ട് തവണവീതം എല്ലാ ഗ്രാൻസ്ളാം കിരീടങ്ങളും നേടാൻ നൊവാക്കിന് മാത്രമേ കഴിഞ്ഞിട്ടുമുള്ളൂ.

ഫെഡററോ നദാലോ ഏറ്റവും കൂടുതൽ ഗ്രാൻസ്ളാമുകൾ നേടുക എന്ന ചോദ്യം മുഴങ്ങിയിരുന്ന കോർട്ടുകളിൽ ഇപ്പോൾ ഉയരുന്നത് ഇരുവരെയും നൊവാക്ക് എപ്പോൾ മറികടക്കുമെന്നതാണ്. ത്രിമൂർത്തികളിലെ മൂന്നാമൻ ഒന്നാമനായി മാറുന്ന മുഹൂർത്തമാണ് ആരാധകർ കാത്തിരിക്കുന്നത്.40ലേക്കടുക്കുന്ന ഫെഡറർക്കും 35 ക‌ടന്ന നദാലിനും ഉള്ളതിലേറെ സാദ്ധ്യതകളാണ് 34കാരനായ നൊവാക്കിന്. ഈ വർഷം ഇനി രണ്ട് ഗ്രാൻസ്ളാം ടൂർണമെന്റുകൾ കൂടിയുണ്ട്.വിംബിൾഡണും യു.എസ് ഓപ്പണും. ഇവിടേയും കിരീടമണിയാൻ കഴിഞ്ഞാൽ ചരിത്രപ്പിറവിയിലേക്കൊരു വർഷം കാത്തിരിക്കേണ്ടിവരില്ല.

നൊവാക്കിന്റെ ഗ്രാൻസ്ളാം നേട്ടങ്ങളും വർഷവും

ആസ്ട്രേലിയൻ ഓപ്പൺ :2008,2011,2012,2013,2015,2016,2019,2020,2021

ഫ്രഞ്ച് ഓപ്പൺ : 2016,2021

വിംബിൾഡൺ : 2011,2014,2015,2018,2019.

യു.എസ് ഓപ്പൺ : 2011,2015,2018

961

വിജയങ്ങളാണ് കരിയറിൽ ഇതുവരെ നൊവാക്ക് നേടിയിട്ടുള്ളത്.195 തോൽവികൾ വഴങ്ങി.

9​ ​ആ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ണു​കൾ
5​ ​വിം​ബി​ൾ​ഡ​ണു​കൾ
3​ ​യു.​എ​സ് ​ഓ​പ്പ​ണു​കൾ
2​ ​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ​

എ​ന്നി​ങ്ങ​നെ​യാ​ണ് ​നൊ​വാ​ക്കി​ന്റെ​ 19​ ​ഗ്രാ​ൻ​സ്ളാം​ ​കി​രീ​ട​നേ​ട്ട​ങ്ങ​ൾ​ ​വി​ഭ​ജി​ക്കാ​നാ​വു​ക.

84

കിരീടങ്ങളാണ് കരിയറിൽ ആകെ നൊവാക്ക് സ്വന്തമാക്കിയത്.

36

മാസ്റ്റേഴ്സ് കിരീടങ്ങൾ സ്വന്തമാക്കി ഇക്കാര്യത്തിൽ റാഫയ്ക്കൊപ്പം റെക്കാഡ് പങ്കിടുന്നു.

1

ഏറ്റവും കൂടുതൽ ആഴ്ചകൾ ഒന്നാം റാങ്ക് അലങ്കരിച്ച റെക്കാഡും (325 ആഴ്ചകൾ) നദാലിന് സ്വന്തം.ആറ് വർഷാന്ത്യങ്ങളിൽ ഒന്നാം റാങ്ക് നിലനിറുത്തി.

10,98,87,16,625

ഇന്ത്യൻ രൂപയാണ് കളിക്കളത്തിൽ നിന്ന് ഇതുവരെ നൊവാക്ക് സമ്പാദിച്ചത്. പ്രൈസ്മണിയിൽ ഏറ്റവും മുന്നിലുള്ള ടെന്നിസ് താരം.

2008 ആസ്ട്രേലിയൻ ഓപ്പൺ

ഫൈനലിലെ എതിരാളി ജോ വിൽഫ്രഡ് സോംഗ. ഗ്രാൻസ്ളാം സിംഗിൾസ് കിരീടം നേടുന്ന ആദ്യ സെർബിയൻ താരമായി ചരിത്രം കുറിച്ചായിരുന്നു കടന്നുവരവ്.

2011 ആസ്ട്രേലിയൻ ഓപ്പൺ

ഫൈനലിലെ എതിരാളി ആൻഡി മുറ

2011വിംബിൾഡൺ

നദാലിനെ ഫൈനലിൽ കീഴടക്കി ആദ്യ വിംബിൾഡൺ.

2011 യു.എസ്.ഓപ്പൺ

ഇവിടെയും ഫൈനലിൽ വീഴ്ത്തിയത് നദാലിനെ.

2012 ആസ്ട്രേലിയൻ ഓപ്പൺ

അഞ്ചുമണിക്കൂറും 53 മിനിട്ടും നീണ്ട ആസ്ട്രേലിയൻ ഓപ്പണിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ അഞ്ചുസെറ്റ് പോരാട്ടത്തിൽ റാഫേൽ നദാലിനെ കീഴടക്കി

2013 ആസ്ട്രേലിയൻ ഓപ്പൺ

ഫൈനലിൽ ആൻഡി മുറെയെ കീഴടക്കി ആധുനിക കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് തവണ ആസ്ട്രേലിയൻ ഓപ്പൺ നേടുന്ന ആദ്യ താരമായി.

2014 വിംബിൾഡൺ

ആദ്യമായി ഒരു ഗ്രാൻസ്ളാം ഫൈനലിൽ ഫെഡററെ തോൽപ്പിച്ചു

2015 ആസ്ട്രേലിയൻ ഓപ്പൺ

ഒരിക്കൽക്കൂടി ഫൈനലിൽ ആൻഡി മുറെയെ കീഴടക്കി .

2015 വിംബിൾഡൺ

വീണ്ടും കലാശക്കളിയിൽ ഫെഡററെ തറപറ്റിച്ചു

2015 യു.എസ് ഓപ്പൺ

ഫെഡററെ വീണ്ടും വീഴ്ത്തി ആ വർഷത്തെ മൂന്നാം ഗ്രാൻസ്ളാം.

2016 ആസ്ട്രേലിയൻ ഓപ്പൺ

ഫൈനലിൽ ആൻഡി മുറെയെ വീഴ്ത്തി എമേഴ്സന്റെ ആറ് ആസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങളുടെ റെക്കാഡിനൊപ്പമെത്തി.

2016 ഫ്രഞ്ച് ഓപ്പൺ

ആദ്യ ഫ്രഞ്ച് ഓപ്പൺ നേടിയപ്പോൾ ഫൈനലിൽ തോൽപ്പിച്ചത് മുറെയെത്തന്നെ.

2018 വിംബിൾഡൺ

ഫൈനലിൽ തോൽപ്പിച്ചത് കെവിൻ ആൻഡേഴ്സണെ.

2018 യു.എസ് ഓപ്പൺ

ഫൈനലിൽ കീഴടങ്ങിയത് യുവാൻ മാർട്ടിൻ ഡെൽപൊട്രോ.

2019 ആസ്ട്രേലിയൻ ഓപ്പൺ

ഫൈനലിൽ നദാലിനെതോൽപ്പിച്ച് ഏറ്റവും കൂടുതൽ തവണ ആസ്ട്രേലിയൻ ഓപ്പൺ നേടുന്ന പുരുഷ താരമായി.

2019 വിംബിൾഡൺ

ഫൈനലിൽ തോൽപ്പിച്ചത് ഫെഡററെ.

2020 ആസ്ട്രേലിയൻ ഓപ്പൺ

ഫൈനലിൽ ഡൊമിനിക്ക് തീമിനെ തോൽപ്പിച്ച് നദാാലിൽ നിന്ന് ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു.

2021ആസ്ട്രേലിയൻ ഓപ്പൺ

മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു.

2021ഫ്രഞ്ച് ഓപ്പൺ

ഫൈനിൽ കീഴടക്കിയത് സിസ്റ്റിപ്പാസിനെ.