covaxin

ന്യൂഡൽഹി: രാജ്യത്ത് വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിനിൽ പശുക്കുട്ടിയുടെ രക്തം ഉപയോഗിച്ചിട്ടുണ്ടെന്ന വാദം തള‌ളി കേന്ദ്രസർക്കാർ. ഒരു വാക്‌സിൻ തയ്യാറാക്കുന്നതിനുള‌ള വെറോ സെല്ലുകളുടെ വളർച്ചയ്‌ക്ക് മാത്രമാണ് പശുക്കുട്ടിയുടെ സെറം ഉപയോഗിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇത് പതിറ്റാണ്ടുകളായി പോളിയോ, പേവിഷബാധ, ഇൻഫ്ളുവൻസ വൈറസുകളെ പ്രതിരോധിക്കുന്നതിനുള‌ള വാക്‌സിനുകൾ തയ്യാറാക്കുമ്പോഴും ഉപയോഗിക്കുന്ന രീതിയാണ്. ബൊവീൻ എന്നറിയപ്പെടുന്ന ഇവയും പശുക്കുട്ടിയുടെ രക്തവും വെറോ കോശങ്ങളുടെ വളർച്ചയ്‌ക്ക് ലോകം മുഴുവനും ഉപയോഗിക്കുന്നതാണ്. ഇതുപയോഗിച്ചാണ് വാക്‌സിൻ നി‌ർമ്മിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

'സമൂഹമാദ്ധ്യമങ്ങളിൽ ചില‌ർ ഇക്കാര്യങ്ങളെ തെറ്റായി വളച്ചൊടിച്ച് അവതരിപ്പിച്ചതാണ്.' കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. അന്തിമമായി തയ്യാറാക്കുന്ന വാക്‌സിനിൽ ഇത്തരത്തിൽ ഒന്നുമില്ലെന്നും മന്ത്രാലയം അറിയിച്ചു. വൈറസ് വളരുന്നതോടെ വെറോ കോശങ്ങൾ പാടേ നശിക്കുകയും തുടർന്ന് വൈറസും നശിച്ച് നിർജീവമാകുകയും ചെയ്യും. ഈ നശിച്ച വൈറസിനെയാണ് അന്തിമമായ വാക്‌സിനായി ഉപയോഗിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.