sukumaran-nair

​​​കോട്ടയം: ലോക്ക്‌ഡൗണില്‍ ഇളവ് അനുവദിക്കുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍ എസ് എസ്. ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി ഇനിയും ലഭ്യമാക്കാത്തത് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആരോപിച്ചു.

രോഗവ്യാപന തോതിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തിരിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് എ, ബി, സി മേഖലകളില്‍ തുറക്കാവുന്ന കടകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഈ മേഖലയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കാം. എന്നാല്‍ മേഖലയില്‍പ്പെടുന്ന ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയില്ലെന്ന് സുകുമാരൻ നായർ വിമർശിക്കുന്നു.

ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ലോക്ക്‌ഡൗണിന്‍റെ ആരംഭകാലത്ത് ഇളവുകള്‍ ഉണ്ടായിരുന്നു. ആരാധനാലയങ്ങളിലെ ദൈനംദിന ചടങ്ങുകളോടൊപ്പം, നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനുള്ള അനുമതി നല്‍കാനും സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണമെന്ന് സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.