ലോക്ക്ഡൗൺ നിലവിൽ വന്നതോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ വെറൈറ്റി പാചക പരീക്ഷണങ്ങൾ ട്രെൻഡിംഗാകാൻ തുടങ്ങിയത്. മുമ്പ് കേട്ടുപരിചയം പോലുമില്ലാത്ത വ്യത്യസ്തമായ ആഹാര പരീക്ഷണങ്ങളുടെ റെസിപ്പികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. യൂട്യൂബിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വെറൈറ്റി ബട്ടർ ചിക്കൻ കേക്ക് പരീക്ഷിച്ചാലോ?
പേര് സൂചിപ്പിക്കും പോലെ കേക്കിൽ ബട്ടർ ചിക്കൻ ചേർത്ത് തയ്യാറാക്കുന്ന വിഭവമല്ല ബട്ടർ ചിക്കൻ കേക്ക്. ഇത് ബട്ടർ ചിക്കന്റെ രുചിയുള്ള കേക്കും അല്ല. ഈ കേക്ക് കണ്ടാൽ കോപ്പർ പാത്രത്തിൽ വിളമ്പാൻ വച്ച ബട്ടർ ചിക്കൻ പോലെയാണ്. അമേരിക്കൻ പെയ്സ്ട്രി ഷെഫായ നതാലി സൈഡ്‌സെർഫാണ് 'സൈഡ്സെർഫ് കേക്ക് സ്റ്റുഡിയോ' എന്ന യൂട്യൂബ് ചാനലിലൂടെ ബട്ടർ ചിക്കൻ കേക്ക് അവതരിപ്പിച്ചിരിക്കുന്നത്.
സ്‌പോഞ്ച് കേക്കും ബട്ടർ ക്രീമും ഉപയോഗിച്ച് താൻ എങ്ങനെയാണ് ബട്ടർ ചിക്കൻ കേക്ക് തയ്യാറാക്കിയതെന്ന് നതാലി വിശദമായി തന്നെ യൂട്യൂബ് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. രണ്ട് ലെയറുള്ള കേക്കിനു മുകളിൽ ബട്ടർ ക്രീം ഉപയോഗിച്ചാണ് ബേക്കർ തന്റെ പരീക്ഷണം ആരംഭിക്കുന്നത്. ചോക്ക്ളേറ്റ് ഷീറ്റാണ് കേക്കിന്റെ ബേസിന് കോപ്പർ പാത്രത്തിന്റെ ലുക്ക് നൽകുന്നത്. സ്ട്രോബെറി സോസിൽ ഫുഡ് കളർ ചേർത്താണ് ബട്ടർ ചിക്കന്റെ ഗ്രേവി തയ്യാറാക്കിയിരിക്കുന്നത്.
തന്റെ ഇന്ത്യൻ ആരാധകർക്കുള്ള സമ്മാനം എന്ന കുറിപ്പോടെ നതാലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷം കൊണ്ട് വൈറലായി. 20 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. പ്രതികരണങ്ങളിൽ കൂടുതലും ഇന്ത്യയിൽ നിന്നാണ്. പലരും ബട്ടർ ചിക്കൻ കേക്കിന്റെ കൃത്യതയെ പ്രകീർത്തിക്കുന്നുണ്ട്. ഒരു വിദ്വാൻ സ്‌ട്രോബെറി സോസിൽ അല്പം ബട്ടർ ചിക്കൻ മസാല ചേർത്തിരുന്നെങ്കിൽ ഒരുപക്ഷെ യഥാർത്ഥ ബട്ടർ ചിക്കൻ രുചി കേക്കിന് കിട്ടിയേനെ എന്നും പ്രതികരിച്ചിട്ടുണ്ട്.