prabhul-patel

കൊച്ചി: ലക്ഷദ്വീപിൽ ഉടമകളെ അറിയിക്കാതെ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി കവരത്തിയില്‍ ഇരുപതിലേറെ കുടുംബങ്ങളുടെ ഭൂമിയില്‍ റവന്യൂ വകുപ്പ് കൊടിനാട്ടി. എന്തിനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും അറിയാക്കാതെയാണ് നടപടികളെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.

അഡ്‌മിനിസ്‌ട്രേറ്റർ‌ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ലക്ഷദ്വീപിന്‍റെ വികസനത്തിനായാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ഉൾക്കൊള്ളിച്ച് ലക്ഷദ്വീപ് വികസന അതോറിട്ടി നേരത്തെ കരട് നിയമം പുറത്തിറക്കിയിരുന്നു. ഈ കരട് നിയമം അതേപടി നടപ്പാക്കേണ്ടതുണ്ടോ എന്നതിൽ തീരുമാനം ആയിട്ടില്ല. ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ടു പോകുന്നത്.

തന്‍റെ ഭരണപരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ വേഗത പോരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ പ്രഫുൽ പട്ടേൽ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭൂമി ഏറ്റെടുക്കൽ റവന്യൂ വകുപ്പ് വേഗത്തിലാക്കിയതെന്നതാണ് ശ്രദ്ധേയം.